KeralaNews

മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖര്‍. രാജീവ് ചന്ദ്രശേഖര്‍ തന്നെയാണ് കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. നേമം മണ്ഡലത്തിന്റെ വികസനാവശ്യങ്ങളെക്കുറിച്ചും ജനങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ചും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തതായി കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍ കുറിച്ചു. മലയാളികളുടെ നന്മ ലക്ഷ്യമാക്കിയുള്ള എല്ലാ തീരുമാനങ്ങളെയും ബിജെപി/എന്‍ഡിഎ പിന്തുണയ്ക്കുകയും, ജനവിരുദ്ധ നയങ്ങളെ ശക്തമായി എതിര്‍ക്കുകയും ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

അടുത്തിടെ എന്‍ഡിഎ ഘടകക്ഷി നേതാവ് തുഷാര്‍ വെള്ളാപ്പള്ളി മുഖ്യമന്ത്രി വി ഡി സതീശനെ വീട്ടിലെത്തി കണ്ടത് വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ ജന്മദിനമായ മെയ് 31ന് അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തിയത്. സൗഹൃദത്തിന്റെ ഭാഗമായാണ് സതീശനെ കണ്ടതെന്നായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞത്. വെള്ളാപ്പള്ളി നടേശനുമായി വി ഡി സതീശന്‍ കൂടിക്കാഴ്ച നടത്തുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞിരുന്നു. സതീശൻ-തുഷാർ വെള്ളാപ്പള്ളി കൂടിക്കാഴ്ചക്ക് എതിരെ കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ വിമർശനം ഉയർന്നിരുന്നു.

സീനിയര്‍ വെള്ളാപ്പള്ളി ആയാലും ജൂനിയര്‍ വെള്ളാപ്പള്ളിയെ ആയാലും ചര്‍ച്ചക്ക് ഇരുത്തി ‘ലെജിറ്റിമസി’ ഉണ്ടാക്കികൊടുക്കുന്നത് അധികാരത്തില്‍ ഇരിക്കുന്ന ആരുടെ ഭാഗത്ത് നിന്നായാലും അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു കോൺഗ്രസ് നേതാവ് വി ആർ അനൂപ് പറഞ്ഞത്. വെള്ളാപ്പള്ളിമാരുടെ വിദ്വേഷ പ്രസ്താവനകള്‍ക്ക് എതിരെ നടത്തിയ പോരാട്ടത്തിന്റെ ഫലം കൂടിയാണ് ഇന്നത്തെ ഈ അധികാരം എന്ന് ബന്ധപ്പെട്ടവരെ ഓര്‍മിപ്പിക്കുന്നുവെന്നും അനൂപ് പറഞ്ഞിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അനൂപിൻ്റെ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button