Kerala

നാളെ മുതൽ മിൽമ പാൽ വില കൂടും; ലിറ്ററിന് 4 രൂപയുടെ വർദ്ധനവ്; തൈരിന് കിലോയ്ക്ക് 10 രൂപ കൂടും; കവറുകളിൽ പഴയ വിലയെങ്കിലും പുതിയ നിരക്ക് നൽകണം

തിരുവനന്തപുരം: സംസ്ഥാനത്തു മില്‍മ പാലിന്‍റെ വില വര്‍ധനവ് നാളെ മുതല്‍ പ്രാബല്യത്തില്‍. ലിറ്ററിന് നാല് രൂപയാണു വര്‍ധിപ്പിച്ചത്. തൈരിന് കിലോയ്ക്ക് 10 രൂപ കൂടും. പാല്‍ കവറുകളില്‍ പഴയ വിലയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ വില പ്രിന്‍റ് ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഒരുമാസം വരെ ഇതു തുടരുമെന്ന് മില്‍മ അറിയിച്ചു.

മറ്റു പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വരുംദിവസങ്ങളില്‍ ആനുപാതികമായി വില കൂട്ടാന്‍ നീക്കമുണ്ട്. ക്ഷീരകര്‍ഷകരുടെ ചെലവ് വര്‍ധിച്ച സാഹചര്യത്തിലാണു പാല്‍വില കൂട്ടുന്നതെന്നും ലിറ്ററിന് നാല് രൂപ കൂട്ടുമ്പോള്‍ മൊത്തം വര്‍ധനയുടെ 83.75% തുക (3.35 രൂപ) കര്‍ഷകര്‍ക്കു ലഭിക്കുമെന്നും മില്‍മ അറിയിച്ചു. ഏറ്റവും ഒടുവില്‍ മില്‍മ പാല്‍വില കൂട്ടിയത് 2022 ഡിസംബര്‍ ഒന്നിനായിരുന്നു. അന്ന് ലിറ്ററിന് 6 രൂപയാണ് വര്‍ധിപ്പിച്ചത്.

ഡബിള്‍ ടോണ്‍ഡ് മില്‍ക് (500 മില്ലി- മില്‍മ സ്മാര്‍ട്) മഞ്ഞ കവറിന്റെ വില 25 രൂപയില്‍ നിന്ന് 27 രൂപയാകും. ഹോമോജനൈസ്ഡ് ടോണ്‍ഡ് മില്‍ക് (525 മില്ലി) നീല കവറിന്റെ പുതുക്കിയ വില 30 രൂപയാണ്. നേരത്തെ 26 രൂപയാണ് ഉണ്ടായിരുന്നത്. മില്‍മ പ്രൈഡ് (500 മില്ലി- ഹോമോജനൈസ്ഡ്) ഓറഞ്ച് കവറിന്റെ വിലയും 30 രൂപയായി. നേരത്തെ 28 രൂപയായിരുന്നു. മില്‍മ റിച്ച് സ്റ്റാന്‍ഡേഡൈസ്ഡ് മില്‍ക് (500 മില്ലി- ഹോമോജനൈസ്ഡ്) പച്ച കവറിന് ഇനി 32 രൂപ നല്‍കണം. നേരത്തെ 29 രൂപയായിരുന്നു. തൈര് (ക്ലാസിക് – 525 ഗ്രാം) 35 രൂപയില്‍ നിന്ന് 40 രൂപയായാണ് വര്‍ധിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button