
പിണറായി സർക്കാർ അവതരിപ്പിച്ച കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്ക് ഇന്ന് തിരശ്ശീല വീഴുമോ? വി ഡി സതീശൻ സർക്കാരിന്റെ രണ്ടാം മന്ത്രിസഭ യോഗം രാവിലെ ചേരുമ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത് കെ റെയിലിൽ തീരുമാനം എന്താകും എന്നതാണ്. കെ റെയിലുമായി ബന്ധപ്പെട്ട വിജ്ഞാപനങ്ങൾ വി ഡി സതീശൻ സർക്കാർ റദ്ദാക്കിയേക്കും എന്നാണ് സൂചന. പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ ഔദ്യോഗികമായി വലിച്ചെറിയാൻ തീരുമാനമെടുത്തേക്കും. പിണറായി സർക്കാർ അവതരിപ്പിച്ച അന്നുമുതൽ യു ഡി എഫ് നേതാക്കൾ നഖശിഖാന്തം എതിർത്ത പദ്ധതിയാണ് സിൽവർ ലൈൻ.
ഇതുമായി ബന്ധപ്പെട്ട് പലയിടത്തും സർക്കാർ സ്ഥാപിച്ച മഞ്ഞക്കുറ്റികൾ പിഴുതെറിഞ്ഞതും ഇതേ യു ഡി എഫ് നേതാക്കളായിരുന്നു. അതുകൊണ്ടുതന്നെ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച നിർണായക തീരുമാനമുണ്ടായേക്കും. പദ്ധതി വിജ്ഞാപനം ചെയ്തുകൊണ്ടുള്ള 2020 ലെ ഉത്തരവും, അതിനു പിന്നാലെ പുറപ്പെടുവിച്ച ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനവും റദ്ദാക്കാനാണ് നിലവിൽ സർക്കാർ ആലോചിക്കുന്നത്. അതേസമയം വി ഡി എസ് സർക്കാരിന്റെ രണ്ടാം മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി എങ്ങനെ നേരിടണമെന്നതിലും തീരുമാനം ഉണ്ടായേക്കും. ഗവർണറുടെ നയപ്രഖ്യാപനത്തിന്റെ കരടും പരിശോധിക്കും. ഇന്ന് 9 മണിക്കാണ് മന്ത്രിസഭ യോഗം ചേരുക.




