സതീശൻ ചെന്നിത്തല നീക്കം രാഷ്ട്രീയ ചൂടുപിടിപ്പിച്ചു; കോൺഗ്രസിൽ ആഭ്യന്തര പുകച്ചിൽ, കെ.സി ക്യാമ്പിലും അതൃപ്തി, എംഎൽഎമാരുടെ ചർച്ചകൾ സജീവം

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായകമായ ചർച്ചകൾ തുടരുന്നതിനിടെ കോൺഗ്രസിനുള്ളിലെ ആഭ്യന്തര ചലനങ്ങൾ വീണ്ടും സജീവമായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എത്തുന്നതിന് മുൻപ് തന്നെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല വീട്ടിൽ നിന്ന് പുറപ്പെട്ടതായി റിപ്പോർട്ട്.
ഗുരുവായൂരിൽ നിന്ന് ദർശനം കഴിഞ്ഞെത്തിയതിന് പിന്നാലെ ചെന്നിത്തലയെ കാണാനായി സതീശൻ എത്തുമെന്നായിരുന്നു മുൻകൂട്ടി നിശ്ചയിച്ചിരുന്ന വിവരം. എന്നാൽ ബന്ധുവിനെ കാണാൻ പോകുന്നുവെന്ന് പറഞ്ഞ് ചെന്നിത്തല വീട്ടിൽ നിന്ന് പുറപ്പെട്ടതോടെ പരിപാടിയിൽ മാറ്റം സംഭവിച്ചു. തുടർന്ന് നേതാക്കളായ ജോസഫ് വാഴയ്ക്കൻ, അൻവർ സാദത്ത് എന്നിവർ ചെന്നിത്തലയെ അനുഗമിച്ചതായും റിപ്പോർട്ടുണ്ട്.
ഇതിനിടെ മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കെ.സി. വേണുഗോപാൽ പക്ഷം കടുത്ത അതൃപ്തിയിലാണ്. കെസിക്കെതിരെ ആസൂത്രിത നീക്കം നടന്നുവെന്ന ആരോപണം ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് അവർ വ്യക്തമാക്കുന്നു. ചില കേന്ദ്രങ്ങളിൽ നിന്ന് വ്യക്തിഹത്യ ശ്രമം നടന്നതായും, അവസാന നിമിഷം മാത്രമാണ് തീരുമാനങ്ങൾ അറിയിച്ചതെന്നും വിമർശനം ഉയരുന്നു.
അതേസമയം, കെ.സി. വേണുഗോപാൽ ക്യാമ്പിനെതിരെ നിലപാടുകൾ ശക്തമാകുന്ന സാഹചര്യത്തിലാണ് രാഷ്ട്രീയ നീക്കങ്ങൾ പുരോഗമിക്കുന്നത്.
ഗുരുവായൂരിൽ ദർശനം കഴിഞ്ഞ് തിരുവനന്തപുരത്തെത്തിയ രമേശ് ചെന്നിത്തല പ്രവർത്തകരുടെ മുദ്രാവാക്യങ്ങളോടെ സ്വീകരിക്കപ്പെട്ടു. “പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ല” എന്നായിരുന്നു മന്ത്രിസഭാ പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അദ്ദേഹത്തിന്റെ പ്രതികരണം.
ഇതിനിടെ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.കെ. രാഘവൻ എന്നിവരും സതീശനെ കാണാനെത്തി. എംഎൽഎമാരായ സനീഷ് കുമാർ ജോസഫ്, ടി. സിദ്ധിക്ക്, റോജി എം ജോൺ, അൻവർ സാദത്ത്, സേനാപതി വേണു തുടങ്ങിയ നേതാക്കളും സതീശനുമായി ചർച്ച നടത്തി.
മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുന്നതിനാൽ കോൺഗ്രസിനുള്ളിലെ രാഷ്ട്രീയ നീക്കങ്ങൾ നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.




