KeralaNews

വനിതാസംവരണ ബില്‍ പരാജയത്തിന് പിന്നാലെ രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി

വനിത സംവരണ ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യാ സഖ്യത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി. സംസ്ഥാനങ്ങളില്‍ ഇന്ന് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും. പ്രതിപക്ഷപാര്‍ട്ടികള്‍ സ്ത്രീ വിരുദ്ധരെന്ന മുദ്രാവാക്യം ഉയര്‍ത്തി ജില്ലാ ആസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് മഹിളാ മോര്‍ച്ചയുടെ പ്രതിഷേധ പരിപാടികള്‍. ബില്‍, ലോക്സഭയില്‍ പാസാകാത്തതിനെത്തുടര്‍ന്ന് എന്‍ഡിഎയിലെ വനിതാ എംപിമാര്‍ പാര്‍ലമെന്റ് പരിസരത്ത് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

ബില്ലിന്റെ പരാജയം ‘നാരി ശക്തി’ക്കേറ്റ തിരിച്ചടിയാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. നിയമസഭകളിലും പാര്‍ലമെന്റിലും സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള ചരിത്രപരമായ അവസരം പ്രതിപക്ഷം തടഞ്ഞുവെന്നും ബിജെപി ആരോപിച്ചു. സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാനും 2029-ഓടെ സംവരണം നടപ്പിലാക്കാനുമുള്ള അവസരം നഷ്ടപ്പെടുത്തിയത് പശ്ചിമ ബംഗാള്‍, തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രധാന പ്രചാരണ വിഷയമാക്കാനാണ് ബിജെപി തീരുമാനം.

2029ലെ പൊതുതെരഞ്ഞെടുപ്പിനുള്ളില്‍ രാജ്യത്തുടനീളം വനിതാ സംവരണ ബില്‍ നടപ്പിലാക്കുമെന്ന് 2023-ല്‍ തീരുമാനിച്ചതായിരുന്നു. സര്‍ക്കാര്‍ ഈ ബില്ലുമായി വന്നപ്പോള്‍, രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം ഇതിനെ പൂര്‍ണ്ണമായും എതിര്‍ക്കുകയും ബില്‍ പാസാക്കുന്നത് തടയുകയും ചെയ്‌തെന്ന് ബിജെപി എംപി പൂനംബെന്‍ പറഞ്ഞു. രാജ്യത്തെ സ്ത്രീകള്‍ രാഹുല്‍ ഗാന്ധിയോടും ഇന്ത്യാ സഖ്യത്തോടും ക്ഷമിക്കില്ല. അവര്‍ രാജ്യത്തെ സ്ത്രീകളോട് വലിയ അനീതി കാണിക്കുകയും അവരെ വഞ്ചിക്കുകയുമാണ് ചെയ്തതെന്നും എംപി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച വനിതാ സംവരണ ഭേദഗതി ബില്ലിന് ലോക്സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെയാണ് ബില്‍ പരാജയപ്പെട്ടത്. 278 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 211 പേര്‍ പ്രതികൂലിച്ച് വോട്ട് ചെയ്തു. 489 പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനു 48 വോട്ട് കുറവുണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button