
അനൗൺസ്മെന്റ് വിവാദത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകി പേരാമ്പ്രയിലെ എൽഡിഎഫ് സ്ഥാനാർഥി ടിപി രാമകൃഷ്ണൻ. ചട്ടലംഘനം നടത്തിയിട്ടില്ലെന്നും മതസ്പർദ്ധ ഉണ്ടാക്കുന്ന അനൗൺസ്മെന്റ് ഉണ്ടായിട്ടില്ലെന്നും രാമകൃഷ്ണൻ മറുപടിയിൽ പറയുന്നു. പേരാമ്പ്രയിലെ അനൗൺസ്മെന്റ് ഏറെ വിവാദമായിരുന്നു. തൊട്ടുപിന്നാലെ യുഡിഎഫ് സ്ഥാനാർഥിയായ ഫാത്തിമ തഹ്‍ലിയ മതംപറഞ്ഞു വോട്ടുപിടിക്കുന്നുവെന്ന ആക്ഷേപം എൽഡിഎഫിന് ഇല്ലെന്ന് വിശദീകരിച്ച് ടിപി രാമകൃഷ്ണനും രംഗത്തെത്തിയിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത് എൽഡിഎഫ് അല്ല. ഇടതുപക്ഷം അങ്ങനെയൊരു അനൗൺസ്മെൻ്റ് നടത്തിയിട്ടില്ല. പ്രചാരണത്തിനുപയോഗിക്കുന്ന വാഹന നമ്പറുകൾ ഉൾപ്പെടെ തെളിവായി ഹാജരാക്കുമെന്നും പെൻഡ്രൈവ് നൽകാനും തയ്യാറാണെന്നും ടിപി പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ക്ഷുഭിതനായാണ് ടിപി മറുപടി നൽകിയത്. മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎയായ ടിപി രാമകൃഷ്ണന് കനത്ത വെല്ലുവിളി ഉയർത്തുകയാണ് ഫാത്തിമ തെഹ്ലിയയുടെ സ്ഥാനാർഥിത്വം.




