
യു പ്രതിഭയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി മഹിള അസോസിയേഷന്‍. കായംകുളം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു പ്രതിഭയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ ആലപ്പുഴ ജില്ലാ യുഡിഎഫ് കണ്‍വീനര്‍ എ ഇര്‍ഷാദിനെതിരെയാണ് നടപടി ആവശ്യപ്പെട്ട് പികെ ശ്രീമതിയാണ് പരാതി നല്‍കിയിരിക്കുന്നത്. വീഡിയോ അടക്കം പങ്കുവെച്ചാണ് പരാതി നല്‍കിയത്.
സ്ഥാനാര്‍ഥിയെ അപമാനിക്കാനും വ്യക്തിയുടെ അന്തസ്സിനെ അപകീര്‍ത്തി പെടുത്തുന്നതുമായ പ്രസ്താവനയാണ് എ ഇര്‍ഷാദ് നടത്തിയതെന്നും പരാമര്‍ശങ്ങള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും പരാതിയില്‍ പറയുന്നു. മാത്രമല്ല, ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും അതുകൊണ്ടുതന്നെ എ ഇര്‍ഷാദിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കാന്‍ നിര്‍ദേശിക്കണം. ഇയാള്‍ക്കെതിരെ കേസ് എടുക്കാണം എന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
അതേസമയം, കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു പ്രതിഭയ്‌ക്കെതിരെ അവിടത്തെ യുഡിഎഫ് കണ്‍വീനര്‍ നടത്തിയ സ്ത്രീവിരുദ്ധവും അപമാനകരവുമായ പരാമര്‍ശങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുപ്രവര്‍ത്തകയായതിനാല്‍ ഒരു വനിതയെ ഹീനമായ വാക്കുകള്‍ കൊണ്ട് ആക്രമിക്കുന്നത് രാഷ്ട്രീയ സംസ്‌കാരത്തിന്റെ തകര്‍ച്ചയാണ്. പ്രതിഭ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെയും ജനകീയ ഇടപെടലുകളെയും രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തതിനാലാണ് ഇത്തരത്തിലുള്ള വ്യക്തിഹത്യയിലേക്ക് വലതുപക്ഷം നീങ്ങുന്നത്. ‘അവള്‍ക്കൊപ്പം’ എന്ന് ആവര്‍ത്തിച്ച് പറയുന്ന പ്രതിപക്ഷ നേതാവും യുഡിഎഫ് നേതാക്കളും, ഇത്തരം സ്ത്രീവിരുദ്ധ രീതികളോട് സ്വീകരിക്കുന്ന നേര്‍വിപരീത സമീപനം അവരുടെ കാപട്യമാണ് തുറന്നുകാട്ടുന്നത്.
ഇത് ഒരാളെ മാത്രം ലക്ഷ്യമിട്ട ആക്രമണമല്ല; പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ത്രീകളോടുമുള്ള അധിക്ഷേപമാണ്. സ്ത്രീകളെ വ്യക്തിത്വമുള്ള മനുഷ്യരായി കാണാതെ അവരെ അവഹേളിക്കുന്ന ജീര്‍ണ്ണമായ രാഷ്ട്രീയ മനോഭാവമാണ് പുറത്തുവരുന്നത്. നാടിന്റെ വികസനവും ജനങ്ങളുടെ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാതെ സ്ത്രീകളെ അപമാനിച്ച് വോട്ട് നേടാമെന്നത് യുഡിഎഫിന്റെ തെറ്റിദ്ധാരണയാണ്. സ്ത്രീകളുടെ അഭിമാനവും അവകാശങ്ങളും കാത്തുസൂക്ഷിക്കുന്ന ഇടതുപക്ഷ നിലപാടിനൊപ്പം കേരളം എപ്പോഴും നിലകൊണ്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.



