
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയത്തിൽ സിപിഐയിൽ പൊട്ടിത്തെറി. തൃശൂരിലെ സ്ഥാനാർഥി നിർണയത്തിന് എതിരെ നാട്ടിക എംഎൽഎ സിസി മുകുന്ദൻ രംഗത്തെത്തി. സിപിഐ നേതൃത്വത്തിന് എതിരെ പേയ്മെന്റ് സീറ്റ് ആക്ഷേപം ഉൾപ്പെടെ ഉന്നയിച്ചാണ് സിറ്റിങ് എംഎൽഎ കൂടിയായ സിസി മുകുന്ദൻ രംഗത്തെത്തിയിരിക്കുന്നത്. നാട്ടികയിൽ ഗീതാ ഗോപിയെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനത്തിന് എതിരെയാണ് സി സി മുകുന്ദൻ തുറന്നടിച്ചത്. പാർട്ടിക്ക് പണം നേടിക്കൊടുക്കാൻ കഴിയുന്ന വ്യക്തി എന്ന നിലയിലാണ് ഗീത ഗോപിക്ക് സ്ഥാനാർഥിത്വം ലഭിച്ചത് എന്നാണ് സിസി മുകുന്ദന്റെ ആരോപണം. സീറ്റ് തന്നില്ലെങ്കിലും മത്സര രംഗത്തുണ്ടാകുമെന്നും സിസി മുകുന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
സ്ഥാനാർഥിത്വം സംബന്ധിച്ച് പാർട്ടി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. പാർട്ടി സീറ്റ് തന്നില്ലെങ്കിലും തെരഞ്ഞെടുപ്പ് രംഗത്തുണ്ടാകും. സ്ഥാനാർഥിത്വം പരിശോധിക്കണം. നിരവധി ആരോപണങ്ങൾ നേരിടുന്ന വ്യക്തിയാണ്. കഴിഞ്ഞ തവണ അവരെ മാറ്റിയാണ് തന്നെ സ്ഥാനാർഥിയാക്കിയത്. പാർട്ടിക്ക് സാമ്പത്തികം കൊണ്ടുവരാൻ കഴിയുന്ന ആളാണ്. പാർട്ടി പത്ത് രൂപ പോലും വാങ്ങി നൽകാൻ തനിക്കായിട്ടില്ല. അതാണ് എന്റെ കുറവായി കണക്കാക്കുന്നത്. മുറിവേറ്റിട്ടുണ്ട്, അതാണ് തോന്നുന്നത്. താൻ ഇത്തരം ഒരു നിലപാട് എടുത്താൻ പാർട്ടി നടപടി എടുത്തേക്കും. അതിൽ ഭയമില്ല. സിസി മുകുന്ദൻ വ്യക്തമാക്കുന്നു.
തിരുവനന്തപുരത്ത് ചേർന്ന സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ്, എക്സിക്യൂട്ടീവ് കൗൺസിൽ യോഗങ്ങൾ ചർച്ച ചെയ്താണ് സംസ്ഥാനത്തെ സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ ധാരണയിലെത്തിയത്. സിപിഐയുടെ നാല് മന്ത്രിമാരും മത്സര രംഗത്തുണ്ടാകുമെന്നാണ് റിപ്പോർട്ട്. കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണനെ തൃശൂരിൽ സ്ഥാനാർഥിയാക്കുന്നത് ഉൾപ്പെടെ പരിഗണിച്ചാണ് സിപിഐ മുന്നോട്ട് പോകുന്നത്. ഇതിനിടെയാണ് പാർട്ടിയുടെ ശക്തികേന്ദ്രം എന്ന വിശേഷിപ്പിക്കാവുന്ന ജില്ലയിൽ സിറ്റിങ് എംഎൽഎ തന്നെ കലാപക്കൊടി ഉയർത്തുന്നത്.
നിലവിലെ റിപ്പോർട്ടുകൾ പ്രകാരം സിപിഐയുടെ സിറ്റിങ് സീറ്റായ പട്ടാമ്പിയിൽ മുഹമ്മദ് മുഹ്സിൻ തന്നെ സ്ഥാനാർഥിയാകും. ഹരിപ്പാട് രമേശ് ചെന്നിത്തലയ്ക്കെതിരെ ടി ടി ജിസ്മോനാകും മത്സരിക്കുക. ഒല്ലൂരിൽ മന്ത്രി കെ രാജൻ വീണ്ടും മത്സരിക്കും. കൊടുങ്ങല്ലൂരിൽ സിറ്റിങ് എംഎൽഎ വി ആർ. സുനിൽകുമാറിന് ഇളവ് നൽകും. കൈപ്പമംഗലത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ വത്സരാജ് മത്സരിക്കും.




