KeralaNews

ജാതി-സാമുദായിക സമവാക്യങ്ങളുടെ പുതിയ വേദിയാക്കാന്‍ കോണ്‍ഗ്രസ്

ശ്രീനാരായണ ഗുരു – മഹാത്മാഗാന്ധി കൂടിക്കാഴ്ചയുടെ നൂറാം വാര്‍ഷികാഘോഷം ജാതി-സാമുദായിക സമവാക്യങ്ങളുടെ പുതിയ വേദിയാക്കാന്‍ കോണ്‍ഗ്രസ്. ശിവഗിരി മഠവുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടി ഈഴവ സമുദായവുമായുള്ള ബന്ധം ശക്തമാക്കാനുള്ള വേദിയാക്കിമാറ്റാനാണ് കോണ്‍ഗ്രസ് നീക്കം. ഫെബ്രുവരി 18 ന് കൊല്ലം ആശ്രാമം മൈതാനത്ത് നടക്കുന്ന പരിപാടി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.

യുഡിഎഫില്‍ മുസ്ലീംലീഗിന്റെ സ്വാധീനത്തിന് കോണ്‍ഗ്രസ് വഴങ്ങുന്നു എന്ന ആക്ഷേപം സിപിഎമ്മും ബിജെപിയും നിരന്തരം ഉന്നയിക്കുന്ന സാഹചര്യത്തെ പ്രതിരോധിക്കാനുള്ള വേദിയായി പരിപാടിമാറുമെന്നാണ് വിലയിരുത്തല്‍. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുന്നോട്ട് വച്ച നായര്‍ – ഈഴവ ഐക്യനീക്കം പാളിയ സാഹചര്യത്തില്‍ ഇരു സമുദായങ്ങളെയും കൂടെ നിര്‍ത്താനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് ശക്തമാക്കുകയാണ്.

കേരളത്തിലെ ഹിന്ദു വിഭാഗങ്ങള്‍ക്കിയിലെ ഏറ്റവും വലിയ സമൂഹമാണ് സംസ്ഥാന ജനസംഖ്യയുടെ 24% വരുന്ന ഈഴവ വിഭാഗം. എന്നാല്‍ ഈഴവ പ്രാതിനിധ്യം കോണ്‍ഗ്രസില്‍ കുറയുന്ന സാഹചര്യമാണുള്ളത്. ഈഴവ സമുദായത്തില്‍ നിന്ന് ഒരു എംഎല്‍എ മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. ഈഴവര്‍ക്കിടയിലെ ആശങ്കകള്‍ പരിഹരിച്ച് സമുദായത്തെ കൂടെ നിര്‍ത്താന്‍ ആണ് നീക്കം. ആറ്റിങ്ങല്‍ എംപിയും യുഡിഎഫ് കണ്‍വീനറുമായ അടൂര്‍ പ്രകാശിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നത്.

എഐസിസി മുന്‍കൈയെടുത്താണ് ഗാന്ധി-ഗുരു കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷങ്ങള്‍ ശിവഗിരി മഠവുമായി സഹകരിച്ച് നടത്തുന്നതെന്ന് പരിപാടിയുടെ സ്വീകരണ സമിതി ചെയര്‍മാന്‍ എം ലിജു ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. കേരളത്തിലെ സാമൂഹിക പരിവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ പരിപാടികള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷം മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഉദ്ഘാടനം ചെയ്തതെന്നും എം ലിജു പറഞ്ഞു.

കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയുമായുള്ള സഹകരണം ശിവഗിരി ധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും സ്ഥിരീകരിക്കുന്നു. 2025 മാര്‍ച്ചില്‍ ആരംഭിച്ച ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളുടെ ഭാഗമാണ് കൊല്ലത്തെ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പരിപാടി. പ്രിയദര്‍ശിനി ഫൗണ്ടേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ചടങ്ങില്‍ ശിവഗിരി മഠത്തില്‍ നിന്നുള്ള സന്യാസിമാര്‍ പങ്കെടുക്കും. 2025 ഡിസംബറില്‍ എഐസിസി മംഗളൂരുവില്‍ സംഘടിപ്പിച്ച സമാനമായ പരിപാടി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഉദ്ഘാടനം ചെയ്തതെന്നും പരിപാടിയുടെ വിശദാംശങ്ങള്‍ പങ്കുവെച്ചുകൊണ്ട് ശിവഗിരി ട്രസ്റ്റ് അംഗം സ്വാമി ജ്ഞാന തീര്‍ത്ഥ പറഞ്ഞു. ചടങ്ങിന്റെ ഭാഗമായി ഗുരു പരിനിര്‍വാണ പൂജയും യതി പൂജയും ഉണ്ടായിരിക്കും. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഗുരു – ഗാന്ധി കൂടിക്കാഴ്ച സംബന്ധിച്ച ആഘോഷങ്ങളോട് മറ്റ് പാര്‍ട്ടികള്‍ സഹകരിക്കാന്‍ തയ്യാറല്ലാത്തതിനാലാണ് കോണ്‍ഗ്രസുമായി സഹകരിക്കുന്നതെന്നും സ്വാമി ശുഭാംഗാനന്ദ പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button