ശബരിമല നെയ്യ് ക്രമക്കേട്! ദേവസ്വം വിജിലൻസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചു; വഴിമധ്യേ നെയ്യ് മാറ്റിയതായി കണ്ടെത്തൽ

തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലൻസ് അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ദേവസ്വം വിജിലൻസ് എസ്‌പി തിരുവിതാംകൂർ ദേവസ്വം ബോർഡിന് റിപ്പോർട്ട് കൈമാറി. മിൽമയിൽ നിന്ന് വാങ്ങിയ നെയ്യ് സന്നിധാനത്ത് എത്തിക്കുന്നതിന് മുൻപ് വഴിമധ്യേ മാറ്റിമറിച്ചുവെന്നും, ഓർഡർ ചെയ്ത നെയ്യ് പൂർണ്ണമായും എത്തിച്ചിട്ടില്ലെന്നുമാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.
കേസിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും വിജിലൻസ് നിർദ്ദേശിച്ചിട്ടുണ്ട്. പത്തനംതിട്ട ഡയറിയിൽ നിന്ന് സന്നിധാനത്തേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് നെയ്യ് മാറ്റിയതെന്നാണ് വിവരം. കുറഞ്ഞ തുക ക്വോട്ട് ചെയ്ത കരാറുകാരന്റെ നടപടി സംശയാസ്പദമാണെന്നും വിശദമായ അന്വേഷണം വേണമെന്നും എസ്‌പി എം.ജെ. സോജന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആവശ്യപ്പെടുന്നു. പമ്പയിൽ നെയ്യ് എത്തിച്ചപ്പോൾ ആവശ്യമായ പരിശോധനകൾ നടത്താതെയാണ് സന്നിധാനത്തേക്ക് കയറ്റി അയച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.
ക്രമക്കേടിലൂടെ ദേവസ്വം ബോർഡിന് 2.27 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഈ സംഭവത്തിൽ മുൻ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, മുൻ അംഗം എ. അജികുമാർ, മുരാരി ബാബു എന്നിവരെ പ്രതികളാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. മിൽമയ്ക്ക് കരാർ ലഭിക്കുന്നതിനായി മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിൽ വഴിവിട്ട ഇടപെടലുകൾ നടന്നതായാണ് പ്രാഥമിക വിലയിരുത്തൽ. 2025 ലെ മകരവിളക്ക് കാലയളവിലേക്ക് പുറത്തുനിന്ന് നെയ്യ് വാങ്ങാൻ 2024-ൽ ബോർഡ് ടെൻഡർ വിളിച്ചിരുന്നു.
ഇതിൽ ആറ് സ്ഥാപനങ്ങൾ പങ്കെടുത്തുവെങ്കിലും നടപടികൾ പുരോഗമിക്കവെ ആ ടെൻഡർ റദ്ദാക്കി കരാർ മിൽമയ്ക്ക് നൽകുകയായിരുന്നു. മിൽമ നെയ്യ് ഉപയോഗിക്കുമ്പോൾ അരവണ നിർമ്മാണത്തിന് അളവ് കുറഞ്ഞാൽ മതിയെന്ന അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എടുത്തത്. ദേവസ്വം കമ്മീഷണർ ഈ നീക്കത്തെ എതിർത്തിരുന്നെങ്കിലും, ആ നിലപാട് തള്ളി പി.എസ്. പ്രശാന്തും അജികുമാറും ചേർന്ന് മിൽമയ്ക്ക് കരാർ നൽകാൻ തീരുമാനിക്കുകയായിരുന്നു.
മറ്റ് തമിഴ്നാട് സ്ഥാപനങ്ങൾ ഒരു ലിറ്റർ നെയ്യിന് 369 രൂപ ക്വോട്ട് ചെയ്തപ്പോൾ, മിൽമയിൽ നിന്നും ലിറ്ററിന് 510 രൂപ നൽകിയാണ് വാങ്ങിയത്. ഇത്തരത്തിൽ 1.65 ലക്ഷം ലിറ്റർ നെയ്യ് വാങ്ങിയതിലൂടെയാണ് ബോർഡിന് കോടികളുടെ നഷ്ടം സംഭവിച്ചത്. വിജിലൻസിന്റെ ഈ കണ്ടെത്തലുകളിൽ ഇനി പ്രത്യേക അന്വേഷണ സംഘം വിശദമായ പരിശോധന നടത്തും. കൂടാതെ, ഇതിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചും ആഴത്തിലുള്ള അന്വേഷണം ഉണ്ടാകും.




