
ലൈംഗിക അതിക്രമ കേസിൽ സംവിധായകനും മുൻ എംഎൽഎയുമായ പി ടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. പി ടി കുഞ്ഞുമുഹമ്മദിൻ്റെ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാനാണ് പ്രോസിക്യൂഷൻ്റെ തീരുമാനം.
കുഞ്ഞുമുഹമ്മദിനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവം നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് നേരത്തെ ശേഖരിച്ചിരുന്നു. ഇക്കാര്യവും കോടതിയിൽ സമർപ്പിച്ച റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പരാതിക്കാരിയുടെ രഹസ്യമൊഴി കഴിഞ്ഞദിവസം കോടതി രേഖപ്പെടുത്തിയിരുന്നു.
ഐഎഫ്എഫ്‌കെയുടെ സെലക്ഷന്‍ സ്‌ക്രീനിങിനിടെ തിരുവനന്തപുരം നഗരത്തിലെ ഹോട്ടല്‍മുറിയില്‍ വെച്ച് പി ടി കുഞ്ഞുമുഹമ്മദ് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. വിരുന്ന് സത്കാരത്തിനായി ഹോട്ടല്‍ മുറിയിലേയ്ക്ക് പി ടി കുഞ്ഞുമുഹമ്മദ് വിളിച്ചു വരുത്തുകയും തുടര്‍ന്ന് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നുവെന്നും പരാതിയിൽ പറയുന്നു. എന്നാൽ ഇപമര്യാദയായി പെരുമാറിയിട്ടില്ലെന്നാണ് കുഞ്ഞുമുഹമ്മദിന്റെ വാദം.




