മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിലേക്ക്; സെപ്റ്റംബർ 21 മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി സെപ്റ്റംബർ 21 മുതൽ ആധാർ ഒടിപി അടിസ്ഥാനത്തിലാക്കുന്നു. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. വാഹന സംബന്ധമായ സേവനങ്ങൾ നൽകുന്ന വാഹൻ, ഡ്രൈവിങ് ലൈസൻസ് സംബന്ധമായ സേവനങ്ങൾക്കുള്ള സാരഥി എന്നീ പോർട്ടലുകൾ വഴിയുള്ള സേവനങ്ങളാണ് പൂർണമായും ഓൺലൈനാക്കുന്നത്. ഇതോടെ ഭൂരിഭാഗം ആവശ്യങ്ങൾക്കും അപേക്ഷകർക്ക് ആർടി ഓഫിസുകളിൽ നേരിട്ട് എത്തേണ്ടതില്ല. നിലവിൽ 21 സേവനങ്ങൾ മാത്രമാണ് നേരിട്ട് ഹാജരാകേണ്ടാത്ത രീതിയിൽ ലഭ്യമായിട്ടുള്ളത്. ഇതിന്റെ സോഫ്റ്റ്വെയർ പരിശോധനകൾ നിലവിൽ പുരോഗമിക്കുകയാണ്.
പുതിയ സംവിധാനം വരുന്നതോടെ അപേക്ഷകൾ ആദ്യം വരുന്നവർക്ക് ആദ്യം എന്ന മുൻഗണനാ ക്രമത്തിലാകും തീർപ്പാക്കുക. വാഹന പരിശോധന, അനന്തരാവകാശികളെ തിരിച്ചറിയൽ, വ്യക്തിഗത വാദം കേൾക്കൽ എന്നിവയ്ക്ക് ഒഴികെ ഓഫിസുകളിൽ പോകേണ്ടി വരില്ല.
ഇത്തരം ആവശ്യങ്ങൾക്കുള്ള സ്ലോട്ടുകൾ നമ്മുടെ കേരളം പോർട്ടൽ വഴി ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കും. വ്യക്തിഗത വാദം കേൾക്കലിന് പോർട്ടലിലെ വി മീറ്റ് സംവിധാനത്തിലൂടെ വീഡിയോ കോൾ വഴിയും ഹാജരാകാം. ഓൺലൈൻ അപേക്ഷകളുടെ പകർപ്പ് ഓഫിസുകളിൽ സമർപ്പിക്കേണ്ടതില്ല എന്നതും പുതിയ മാറ്റത്തിന്റെ പ്രത്യേകതയാണ്.
അപേക്ഷകൾ സമർപ്പിക്കാൻ സാങ്കേതിക സഹായം ആവശ്യമുള്ളവർക്ക് അക്ഷയ, സി.എസ്.സി കേന്ദ്രങ്ങളെയോ ആർടി ഓഫിസുകളെയോ നേരിട്ട് സമീപിക്കാവുന്നതാണ്. ആധാർ ഒടിപി പരിശോധന പരാജയപ്പെടുന്ന സാഹചര്യത്തിൽ മാത്രം ആധികാരികത ഉറപ്പാക്കാൻ അപേക്ഷകൻ ഒരു തവണ നേരിട്ട് ഹാജരാകേണ്ടി വരും.
ഡ്രൈവിങ് ലൈസൻസ്, കണ്ടക്ടർ ലൈസൻസ് തുടങ്ങിയവയുടെ ടെസ്റ്റുകൾക്കുള്ള സ്ലോട്ടുകൾ സാരഥി പോർട്ടൽ വഴിയും ഫിറ്റ്നസ് ടെസ്റ്റുകൾക്കുള്ള സ്ലോട്ടുകൾ വാഹൻ പോർട്ടൽ വഴിയുമാണ് ബുക്ക് ചെയ്യേണ്ടത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഉടൻ തന്നെ സ്വയംകൃത വാഹന പരിശോധനാ കേന്ദ്രങ്ങൾ നിലവിൽ വരും. ഇതിനോടകം കൊല്ലം, ആലപ്പുഴ ജില്ലകളിലായി മൂന്ന് കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.




