ഖാര്‍ഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഭവം; എന്‍ഡിഎയില്‍ ഭിന്നത പരസ്യമാക്കി കേന്ദ്രമന്ത്രി ചിരാഗ് പസ്വാന്‍

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഭവത്തില്‍ എന്‍ഡിഎയില്‍ ഭിന്നത രൂക്ഷമാകുന്നു. വിഷയം അതീവ ഗൗരവമുള്ളതാണെന്നും സമൂഹത്തിലെ സാമൂഹ്യ സാഹചര്യങ്ങള്‍ ഇപ്പോഴും മാറുന്നില്ല എന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും കേന്ദ്രമന്ത്രി ചിരാഗ് പസ്വാന്‍ വ്യക്തമാക്കി. ഖാര്‍ഗെയുടെ ആരോപണങ്ങളെ ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പരസ്യമായി ന്യായീകരിക്കുന്നതിനിടയിലാണ് എന്‍ഡിഎ ഘടകകക്ഷിയായ ചിരാഗ് പസ്വാന്റെ ഈ വ്യത്യസ്ത പ്രതികരണം വന്നിരിക്കുന്നത്.
താൻ പ്രസംഗിച്ച വേദി ബിജെപി പ്രവര്‍ത്തകര്‍ ഗംഗാജലം തളിച്ച് ശുദ്ധീകരിച്ചെന്ന ഗുരുതര ആരോപണവുമായി ഇക്കഴിഞ്ഞ ഓഗസ്റ്റ് 13-നാണ് രാജ്യസഭയില്‍ ഖാര്‍ഗെ രംഗത്തെത്തിയത്. താന്‍ ദളിതനായതുകൊണ്ടാണ് ഇത്തരത്തില്‍ ശുദ്ധികലശം നടത്തിയതെന്നും രാജ്യത്ത് ഇപ്പോഴും തൊട്ടുകൂടായ്മ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. ജനാധിപത്യ സംവിധാനത്തിന് ചേരുന്നതാണോ ഇത്തരം പ്രവൃത്തികളെന്നും, ഇങ്ങനെയുള്ളവര്‍ എങ്ങനെയാണ് ഭരണഘടന സംരക്ഷിക്കുകയെന്നും ചോദിച്ച ഖര്‍ഗെയുടെ പ്രതികരണം ദേശീയതലത്തില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
എന്നാല്‍ സംഭവത്തില്‍ ബിജെപിക്ക് യാതൊരു പങ്കുമില്ലെന്ന നിലപാടാണ് കേന്ദ്രസഹമന്ത്രി അജയ് താംത സ്വീകരിച്ചത്. റാലി നടന്ന ഗ്രൗണ്ട് ‘ശ്രീറാം സേന ധാര്‍മ്മിക് സേവാ ട്രസ്റ്റ്’ എന്ന ഹൈന്ദവ സംഘടനയുടെ നിയന്ത്രണത്തിലുള്ളതാണെന്നും, പരിപാടിക്കിടെ ചിലര്‍ അനാവശ്യ മതപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും റാലിക്ക് ശേഷം വലിയ രീതിയില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം വാദിച്ചു. പതിവായി പൂജകളും മറ്റും നടക്കുന്ന ആ സ്ഥലം ശുചീകരണത്തിന്റെ ഭാഗമായി കഴുകി വൃത്തിയാക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു അജയ് താംതയുടെ വിശദീകരണം.




