
പത്തനംതിട്ട ഗവിയില്‍ അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ യുവതിയുടെ പോസ്റ്റ്മോര്‍ട്ടം കോട്ടയം മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയായി. ഇതിനിടെ ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതി വിനോദ് കുമാറിനെ റാന്നി കോടതി റിമാന്‍ഡ് ചെയ്തു. കൊട്ടാരക്കര സബ് ജയിലിലേക്കാണ് പ്രതിയെ കൊണ്ട്പോയിരിക്കുന്നത്.
കഴുത്ത് ഞെരിച്ച് വെള്ളത്തില്‍ മുക്കി ക്രൂരമായാണ് പ്രതി കൊലപാതകം നടത്തിയത് എന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞു. ബലാത്സംഗത്തിന് ഇരയായിട്ടുണ്ടോ എന്ന് സംശയമുള്ളതിനാല്‍ സ്ഥിരീകരണത്തിന് രാസ പരിശോധന നടത്തും. പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം കൊലപാതകത്തിന് കാരണമായി. പ്രതിക്ക് യുവതിയോട് മുന്‍വൈരാഗ്യമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കും. മുഴിയാര്‍ പൊലീസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്കി.
ഇന്നലെയായിരുന്നു പത്തനംതിട്ട ഗവിയില്‍ വനത്തില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ എട്ടരയ്ക്ക് വീട്ടില്‍ നിന്നും അഞ്ച് കിലോമീറ്ററോളം ദൂരെയുള്ള അങ്കണവാടിയിലേക്ക് പോകുന്നതിനിടെ പിന്നാലെയെത്തിയ വിനോദ് യുവതിയെ അപായപ്പെടുത്തിയെന്നാണ് വിവരം.
യുവതി അങ്കണവാടിയില്‍ എത്താത്തതിനെ തുടര്‍ന്ന് ഗവിയിലെ ആളുകളും വനപാലകരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം വനത്തില്‍ കണ്ടെത്തിയത്. കൃത്യത്തിന് ശേഷം വിനോദ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വള്ളക്കടവ് ഫോറസ്റ്റ് ഓഫീസ് ചെക്ക് പോസ്റ്റില്‍ വെച്ച് വലപാലകര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദൃക്സാക്ഷി പൊലീസിന് നല്കിയ വിവരമാണ് വഴിത്തിരിവായത്. പ്രതികളില്‍ ഒരാള്‍ പത്തനംതിട്ട ഗവി റൂട്ടില്‍ കുമളി ഭാഗത്തേക്ക് രക്ഷപ്പെട്ടതായാണ് ദൃക്സാക്ഷി നല്കിയ വിവരം. വള്ളക്കടവ് ചെക്ക് പോസ്റ്റില്‍ ബസ് തടഞ്ഞാല്‍ പ്രതിയെ കിട്ടുമെന്നും വിവരം ഇയാള്‍ നല്‍കിയിരുന്നു



