യൂത്ത് കോൺഗ്രസ് പ്രസിഡന്റ്: രാഹുലിന് പകരം ആര്? പോരുമായി ഗ്രൂപ്പുകൾ

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനു പകരം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആരെന്നതിൽ കോൺഗ്രസിൽ അഭിപ്രായ ഐക്യമായില്ല. നേതാക്കൾ സ്വന്തം നിലയ്ക്കും ഗ്രൂപ്പുകളായും പേരുകൾ നിർദേശിക്കുന്നതിനാൽ ആശയവിനിമയം തുടരുകയാണ്.
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചു രാഹുലിനു പിന്നിൽ രണ്ടാമതായ വൈസ് പ്രസിഡന്റ് അബിൻ വർക്കിയാണു സ്വാഭാവികമായി പ്രസിഡന്റ് സ്ഥാനത്തേക്കു വരേണ്ടതെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. രമേശ് ചെന്നിത്തലയുടെ പിന്തുണ അബിൻ വർക്കിക്കുണ്ട്. എന്നാൽ, പ്രസിഡന്റ് രാജിവച്ചാൽ വോട്ടെടുപ്പിൽ രണ്ടാമതെത്തിയയാളെ പ്രസിഡന്റാക്കണമെന്നു യൂത്ത് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു മാനദണ്ഡങ്ങളിലില്ല.
അടുത്തിടെ ദേശീയ സെക്രട്ടറിയായി നിയമിതനായ ബിനു ചുള്ളിയിലിന്റെ പേര് കെ.സി.വേണുഗോപാലിന് ഒപ്പം നിൽക്കുന്നവർ മുന്നോട്ടുവയ്ക്കുന്നുണ്ട്. കഴിഞ്ഞ കമ്മിറ്റിയിൽ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിപ്പിക്കാൻ ആലോചിച്ചിരുന്നതാണെങ്കിലും പഴയ ഐ ഗ്രൂപ്പിൽ ഒരു വിഭാഗത്തിന്റെ സ്ഥാനാർഥിയായി അബിൻ വർക്കി വന്നതോടെ ബിനു രംഗത്തിറങ്ങിയില്ല. നിലവിൽ സംസ്ഥാന വൈസ് പ്രസിഡന്റായ ഒ.ജെ.ജനീഷിന്റെ പേരും ഈ വിഭാഗം പരിഗണിക്കുന്നുണ്ട്.
എ ഗ്രൂപ്പ് മുന്നോട്ടുവയ്ക്കുന്നതു ജെ.എസ്.അഖിൽ, കെ.എം.അഭിജിത്, ജിൻഷാദ് ജിന്നാസ് എന്നിവരുടെ പേരുകളാണ്. ഇതിൽ അഖിലിനെ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിപ്പിക്കാനാണു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എ ഗ്രൂപ്പ് ആദ്യം തീരുമാനിച്ചിരുന്നത്. ഷാഫി പറമ്പിലിന്റെ പിന്തുണയോടെ രാഹുൽ എത്തിയതോടെ അഖിലിന് പിന്മാറേണ്ടി വന്നു. കെഎസ്യു സംസ്ഥാന പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു 2 വർഷമായിട്ടും യൂത്ത് കോൺഗ്രസിന്റെ ഭാരവാഹിപ്പട്ടികയിൽ ഇടംകിട്ടാതെ പോയ അഭിജിത്തിനും എ ഗ്രൂപ്പിന്റെ ചർച്ചകളിൽ മുൻതൂക്കമുണ്ട്.
ഇക്കുറി ദേശീയ സെക്രട്ടറിമാരെ നിയമിച്ചപ്പോഴും അഭിജിത്തിനെ പരിഗണിച്ചിരുന്നില്ല. നിലവിൽ സംസ്ഥാന വൈസ് പ്രസിഡന്റാണ് ജിൻഷാദ് ജിന്നാസ്. ഷാഫി പറമ്പിലുമായി അടുപ്പമുള്ളയാളാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ വനിത നയിക്കട്ടെയെന്ന തീരുമാനമുണ്ടായാൽ വൈസ് പ്രസിഡന്റ് അരിത ബാബുവിനെ പരിഗണിച്ചേക്കാം.
അഖിലും ബിനുവും അഭിജിത്തും നിലവിലെ സംസ്ഥാന കമ്മിറ്റിയിലുള്ളവരല്ല. തിരഞ്ഞെടുപ്പു പ്രക്രിയയിലൂടെ ജയിച്ചുവന്നവരാണു മറ്റു സംസ്ഥാന ഭാരവാഹികളെന്നിരിക്കെ, അതിൽ ഉൾപ്പെടാത്ത ഒരാളെ പ്രസിഡന്റാക്കുന്നതിൽ എതിർപ്പുള്ളവരുണ്ട്. തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന സാഹചര്യത്തിൽ തർക്കമില്ലാതെ പ്രസിഡന്റിനെ കണ്ടെത്താനുള്ള ശ്രമമാണു നടത്തുന്നത്. എഐസിസി നേതൃത്വം പ്രത്യേകിച്ച് നിർദേശമൊന്നും നൽകിയിട്ടില്ല. സംസ്ഥാനത്തു ധാരണയുണ്ടാക്കി ഒരു പേരോ പാനലോ കെപിസിസി നൽകും.



