News

‘വീഴ്ച കണ്ടെത്തിയിട്ടും ഡിവൈഎസ്‌പിയെ സസ്‌പെൻഡ് ചെയ്യാത്തതെന്ത്?’; നിതിൻ രാജിന്റെ മരണത്തിൽ ഹൈക്കോടതി

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കേസിലെ ഒന്നാം പ്രതിയായ ഡെന്റൽ കോളേജ് അദ്ധ്യാപകൻ ഡോ. എം.കെ. റാമിന്റെ അറസ്റ്റിലുണ്ടായ വീഴ്‌ചയിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി. അറസ്റ്റിൽ വീഴ്‌ച വരുത്തിയ ഡിവൈഎസ്‌പിയെ സസ്‌പെൻഡ് ചെയ്യാത്തതെന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. സർക്കാർ ചെയ്യാനുള്ളത് സർക്കാർ ചെയ്യണമെന്നും കോ‌ടതി ചൂണ്ടിക്കാട്ടി.

ഡിവൈഎസ്‌പിക്ക് വീഴ്‌ച പറ്റിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടും നടപടി വൈകുന്നത് അംഗീകരിക്കാൻ കഴിയില്ല. ഇക്കാര്യത്തിൽ ഒരാഴ്‌ചയ്ക്കകം തീരുമാനമറിയിക്കണം. കേസിലെ പൊലീസ് നടപടിക്രമങ്ങളിൽ വലിയ അപാകതകളുണ്ടായി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി സുധീർ കല്ലന് പ്രാഥമിക ഘട്ടത്തിൽതന്നെ ഗുരുതര വീഴ്‌ചയുണ്ടായി.

എന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യാത്തതെന്നും കോടതി വിമർശിച്ചു.ഇതിന് മറുപടിയായി വാക്കാലുള്ള അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് സസ്‌പെൻഡ് ചെയ്യും. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ സസ്‌പെൻഡ് ചെയ്താൽ ഡിവൈഎസ്‌പി സുധീർ കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് സ്റ്റേ വാങ്ങുമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.നിതിൻ രാജിന്റെ മരണം അന്വേഷിച്ച ക്രൈംബ്രാഞ്ച് സ്‌ക്വാഡിലെ കീഴുദ്യോഗസ്ഥരെ കഴിഞ്ഞദിവസം സ്ഥലംമാറ്റിയിരുന്നു.

ഡോ.റാമിനെ അറസ്റ്റ് ചെയ്തതിലുണ്ടായ ഗുരുതര വീഴ്ചകൾ സംബന്ധിച്ച രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ആഭ്യന്തര വകുപ്പിന്റെ അടിയന്തര നടപടി. അന്വേഷണസംഘത്തിലുണ്ടായിരുന്ന ക്രൈംബ്രാഞ്ച് എസ്പി, ഡിവൈഎസ്പി, ഇൻസ്‌പെക്ടർ എന്നിവരെ ഒഴിവാക്കി ബാക്കിയുള്ള സ്‌ക്വാഡ് അംഗങ്ങളെയാണ് കണ്ണൂർ ഡിസ്ട്രിക്ട് ഹെഡ്ക്വാർട്ടേഴ്സിലേക്ക് മാറ്റിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button