KeralaNews

ആരാകും പുതിയ പാർട്ടി ജനറൽ സെക്രട്ടറി; എം.എ ബേബിക്ക് സാധ്യത

സിതാറാം യെച്ചൂരി ഒഴിച്ചിട്ടുപോയ പാർട്ടി ജനറൽ സെക്രട്ടറി പദത്തിലേക്ക് ആരെത്തുമെന്നതിൽ ഉദ്വേഗം. പിബി അംഗങ്ങളായ എംഎ ബേബിയുടെയും അശോക് ധാവ്‌ലയുടെയും പേരുകളാണ് ഉയർന്നു വരുന്നത്. മഹാരാഷ്ട്രയിൽ നിന്നുള്ള കർഷക സമരങ്ങളിലൂടെ ശ്രദ്ധേയനായ അശോക് ധാവ്‌ലയെയാണ് ബംഗാൾ ഘടകം അനുകൂലിക്കുന്നതെന്നാണ് വിവരം. എംഎ ബേബിക്കായി കേരളത്തിൽ നിന്ന് കൂടുതൽ പേർ പിന്തുണ നൽകുന്നുണ്ട്. എന്നാൽ പാർട്ടിയിലെ ഏറ്റവും ശക്തനായ നേതാവ് പിണറായി വിജയൻ്റെ നിലപാട് ഇക്കാര്യത്തിൽ നിർണായകമാകും.

ആന്ധ്രപ്രദേശിൽ നിന്നുള്ള പിബി അംഗം ബിവി രാഘവലുവിൻ്റെ പേരും ചർച്ചയിലുണ്ട്. ഇളവ് നൽകി ബൃന്ദ കാരാട്ടിനെ പരിഗണിക്കുമോ എന്ന ചോദ്യം ശക്തമാണെങ്കിലും താനാകില്ലെന്ന് അവർ തന്നെ വ്യക്തമാക്കിയതാണ്. പുതിയ പൊളിറ്റ് ബ്യൂറോയിലേക്ക് കേരളത്തിൽനിന്ന് ഒരാൾ കൂടെ എത്തുമോയെന്ന ചോദ്യവും ശക്തമാണ്. കെ.കെ ശൈലജയുടെയും ഇ.പി ജയരാജൻറെയും പേര് ചർച്ചയിൽ ഉണ്ട്. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗമായ വിജു കൃഷ്ണനും പിബിയിൽ എത്തിയേക്കും.

കേരളത്തിൽ നിന്ന് കേന്ദ്ര കമ്മിറ്റിയിലേക്ക് പുതുതായി എത്താൻ സാധ്യതയുള്ളവർ പുത്തലത്ത് ദിനേശൻ, ടി.പി രാമകൃഷ്ണൻ, പി.എ മുഹമ്മദ് റിയാസ്, വി.എൻ വാസവൻ, പി.കെ ബിജു, ടി.എൻ സീമ, പി.കെ സൈനബ എന്നിവരാണ്. ബൃന്ദ കാരാട്ട്, പ്രകാശ് കാരാട്ട്, മണിക് സർക്കാർ, സൂര്യകാന്ത് മിശ്ര, സുഭാഷിണി അലി, ജി രാമകൃഷ്ണൻ എന്നിവരാണ് പിബിയിൽ നിന്ന് ഒഴിയുന്നത്. കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തിൽ നിന്ന് മൂന്ന് ഒഴിവുകൾ വരും. കോടിയേരി ബാലകൃഷ്ണൻ, എ.കെ ബാലൻ, പി.കെ ശ്രീമതി എന്നിവരാണ് ഒഴിയുന്നത്.

അതേസമയം പാർട്ടി കോൺഗ്രസിൽ രാഷ്ട്രീയ പ്രമേയം ഭേദഗതികളോടെ അംഗീകരിച്ചു. മണ്ഡല പുനർനിർണ്ണയം അടക്കം പ്രധാനപ്പെട്ട 9 ഭേദഗതികളോടെയാണ് പാർട്ടി കോൺഗ്രസ് പ്രമേയം അംഗീകരിച്ചത്. ഇതിൽ നാലെണ്ണം കേരളത്തിൽ നിന്ന് കെകെ രാഗേഷ് നിർദ്ദേശിച്ചതായിരുന്നു. പാർലമെൻറ് ഉദ്ഘാടനം നടന്നത് ഹിന്ദു മതാചാരപ്രകാരം എന്ന ഭാഗം തിരുത്തി. ബ്രാഹ്മണ ആചാരപ്രകാരം എന്നാക്കിയാണ് രാഷ്ട്രീയ പ്രമേയം അംഗീകരിച്ചത്. എതിർപ്പുകളൊന്നും ഇല്ലാതെ ഐകകണ്ഠേനയാണ് രാഷ്ട്രീയ പ്രമേയം അംഗീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button