ന്യൂഡൽഹി: പാർലമെന്‍റ് സമ്മേളനം വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ, ബി.ജെ.പിയുടെ അടുത്ത ദേശീയ അധ്യക്ഷൻ ആരാകുമെന്ന ചർച്ച സജീവമാകുകയാണ്. പുതിയ അധ്യക്ഷനെ ഏപ്രിൽ മൂന്നാം വാരം പ്രഖ്യാപിക്കുമെന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശ്, കർണാടക, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ സംസ്ഥാന പ്രസിഡന്‍റുമാരെ അടുത്തയാഴ്ചയോടെ പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
2019 മുതൽ പാർട്ടിയുടെ നാഷണൽ പ്രസിഡന്‍റായി ചുമതല വഹിക്കുന്ന ജെ.പി. നഡ്ഡക്ക് പകരക്കാരനായാണ് പുതിയ അധ്യക്ഷനെത്തുക. സാധാരണ മൂന്ന് വർഷമാണ് ബി.ജെ.പി മേധാവിയുടെ കാലാവധി. എന്നാൽ നഡ്ഡക്ക് മൂന്ന് വർഷത്തേക്ക് കൂടി അധികമായി ചുമതല ലഭിക്കുകയായിരുന്നു. കഴിഞ്ഞ വർഷത്തെ ലോക്സഭ തെരഞ്ഞെടുപ്പ് തയാറെടുപ്പിന് വേണ്ടിയായിരുന്നു കാലാവധി നീട്ടിയത്. നിലവിൽ 13 സംസ്ഥാനങ്ങളിലാണ് ബി.ജെ.പി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചിരിക്കുന്നത്. 19 സംസ്ഥാന അധ്യക്ഷന്മാരെ കൂടി പ്രഖ്യാപിച്ച ശേഷമാകും ദേശീയാധ്യക്ഷനെ തെരഞ്ഞെടുക്കുക. കഴിഞ്ഞയാഴ്ച ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.
ദേശീയാധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടും ചർച്ച നടന്നെന്നാണ് സൂചന. വനിതാ നേതാക്കളുൾപ്പെടെ പ്രമുഖരെ പാർട്ടി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, നിർമല സിതാരാമൻ, ശിവരാജ് സിങ് ചൗഹാൻ, മനോഹർലാൽ ഘട്ടർ, രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ, മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ജി. കിഷൻ റെഡ്ഡി എന്നിവർ പരിഗണന പട്ടികയിലുള്ളതായാണ് വിവരം.