ഭാര്യയെ കൊലപ്പെടുത്തി കേരളത്തിലേക്ക് മുങ്ങി; പെരുമ്പാവൂരിൽ ഒളിവിൽ കഴിഞ്ഞ ബംഗാൾ സ്വദേശി പിടിയിൽ!

കൊച്ചി : ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കടന്ന് ഒളിവിൽ താമസിക്കുകയായിരുന്ന പശ്ചിമബംഗാൾ സ്വദേശി പെരുമ്പാവൂരിൽ വച്ച് പൊലീസിന്റെ പിടിയിൽ. പശ്ചിമബംഗാളിലെ മുർഷിദാബാദ് സ്വദേശിയായ രാഹുൽ ആണ് അറസ്റ്റിലായത്. പെരുമ്പാവൂർ പൊലീസും ബംഗാൾ പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതി വലയിലായത്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലായിരുന്നു കൊലപാതകത്തിന് ആസ്പദമായ സംഭവം നടന്നത്. പ്രതിയായ രാഹുലും ഭാര്യയും തമ്മിൽ വീട്ടിൽ വച്ച് കടുത്ത തർക്കമുണ്ടാവുകയും, ഇതിനിടയിൽ പ്രകോപിതനായ രാഹുൽ ഭാര്യയെ കൊലപ്പെടുത്തുകയുമായിരുന്നു. കൃത്യം നടത്തിയ ശേഷം നാട്ടിൽ നിന്നും രക്ഷപെട്ട പ്രതി നേരെ പെരുമ്പാവൂരിലേക്ക് എത്തുകയായിരുന്നു. മൂർഷിദാബാദിൽ രജിസ്റ്റർ ചെയ്ത കൊലപാതകക്കേസിൽ അന്വേഷണം നടത്തിവരികയായിരുന്ന ബംഗാൾ പൊലീസിന്, പ്രതി പെരുമ്പാവൂർ മേഖലയിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചു. തുടർന്ന് കേരള പൊലീസിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് പ്രതിയെ ഒളിസങ്കേതത്തിൽ നിന്ന് പിടികൂടിയത്




