തമിഴ്നാട്ടിൽ വിജയ് സർക്കാർ 100 ദിവസം പൂർത്തിയാക്കുന്നു; നേട്ടങ്ങളും വെല്ലുവിളികളും വിലയിരുത്തി രാഷ്ട്രീയ നിരീക്ഷകർ

തമിഴ്നാട്ടിൽ വിജയ് സർക്കാർ ഇന്ന് ഭരണത്തിന്റെ 100 ദിവസം പൂർത്തിയാക്കുകയാണ്. വിജയ്ക്കുള്ള ജനകീയ സ്വീകാര്യതയും അഴിമതിക്കെതിരായ കർശന നിലപാടുമാണ് സർക്കാരിന്റെ പ്രധാന കരുത്ത്. പ്രതിപക്ഷത്തെ ദുർബലമാക്കാൻ കഴിഞ്ഞത് ടിവികെയ്ക്ക് വലിയ രാഷ്ട്രീയ നേട്ടമായി മാറിയപ്പോൾ, സത്യപ്രതിജ്ഞാ ചടങ്ങ് പോലും സിനിമാറ്റിക് മൊമെന്റാക്കി മാറ്റിയെന്ന ആക്ഷേപം ഡിഎംകെ ഉന്നയിക്കുന്നുണ്ട്.
റീലിൽ ഒതുങ്ങുന്ന സർക്കാരാണ് ഇതെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.
തമിഴ്നാട് രാഷ്ട്രീയത്തിൽ ആദ്യമായി സഖ്യകക്ഷികൾക്ക് മന്ത്രിസഭയിൽ ഇടം നൽകിയതും, രാഷ്ട്രീയ എതിരാളികളുടെ വീടുകളിലെത്തിയുള്ള ഹൃദ്യമായ കൂടിക്കാഴ്ചകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. മന്ത്രിസഭയിൽ ദളിതർക്ക് മുൻഗണന നൽകിക്കൊണ്ടുള്ള സോഷ്യൽ എഞ്ചിനീയറിംഗും സർക്കാരിന്റെ തുടക്കത്തിൽത്തന്നെ പ്രകടമായി.
എല്ലാറ്റിനും ഉപരിയായി കൈക്കൂലി നൽകാതെയും സർക്കാർ ഫയലുകൾ വേഗത്തിൽ നീങ്ങുമെന്ന വിശ്വാസം സാധാരണക്കാരിലേക്ക് എത്തിക്കാൻ മുഖ്യമന്ത്രി വിജയ്ക്ക് സാധിച്ചു. നിയമസഭാ പ്രവർത്തനങ്ങളിലും വിജയ് സർക്കാരിന്റെ മാറ്റം പ്രകടമാണ്. ഭരണരംഗത്ത് സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചരിത്രത്തിലാദ്യമായി സഭാ നടപടികൾ തത്സമയം സംപ്രേഷണം ചെയ്തുതുടങ്ങി. ഇത് വീട്ടമ്മമാരിലും യുവതലമുറയിലും വലിയ സ്വീകാര്യതയാണ് ഉണ്ടാക്കിയത്.
മദ്യവിതരണ സംവിധാനമായ ടാസ്മാക്കിലെ ശുദ്ധികലശം, സ്ത്രീസുരക്ഷയ്ക്കായുള്ള സിംഗപ്പെൺ ദൗത്യസേന, നിക്ഷേപസംഗമത്തിലെ ഒരു ലക്ഷം കോടി രൂപയുടെ ധാരണാപത്രങ്ങൾ, സ്ത്രീകൾക്കായുള്ള വിവിധ ക്ഷേമപ്രഖ്യാപനങ്ങൾ എന്നിവയും സർക്കാരിന്റെ ആദ്യകാലത്തെ പ്രധാന നേട്ടങ്ങളായി വിലയിരുത്തപ്പെടുന്നു. ഡിഎംകെ സഖ്യത്തെ പിളർത്തി പ്രധാന ഘടകകക്ഷികളെയെല്ലാം സ്വന്തം പാളയത്തിലേക്ക് എത്തിക്കാനായത് വിജയിയുടെ ഏറ്റവും വലിയ രാഷ്ട്രീയ വിജയമായി കണക്കാക്കപ്പെടുന്നു.
എന്നിരുന്നാലും, മന്ത്രിമാരുടെ പരിചയക്കുറവാണ് സർക്കാരിന്റെ പ്രധാന ദൗർബല്യം. പുതുമുഖ മന്ത്രിമാരിൽ എക്സൈസ്, ദേവസ്വം വകുപ്പ് മന്ത്രിമാർ മാത്രമാണ് കാര്യങ്ങളിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. എഐഎഡിഎംകെ എംഎൽഎമാരെ രാജിവെപ്പിച്ചതും സി. വിജയഭാസ്കർ പോലുള്ളവരെ പാർട്ടിയിലേക്ക് സ്വീകരിച്ചതും ചില സംശയങ്ങൾക്ക് ഇടനൽകിയിട്ടുണ്ട്.
ബിജെപിയെ പിണക്കി കേന്ദ്രഫണ്ട് കളയാനില്ലെന്ന നയത്തിൽ വലിയ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. മുൻ സർക്കാരുകളുടെ പദ്ധതികളുടെ പേരുമാറ്റം മാത്രമാണ് നടക്കുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്. വിജയ് ഒഴിഞ്ഞ തിരുച്ചി ഈസ്റ്റ് ഉൾപ്പെടെയുള്ള 7 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പായിരിക്കും ടിവികെ സർക്കാരിന്റെ ആദ്യത്തെ യഥാർത്ഥ അഗ്നിപരീക്ഷ.




