
താമരശ്ശേരി ചുരത്തില്‍ മണ്ണും പാറക്കെട്ടുകളും മരങ്ങളും റോഡിലേക്ക് പതിച്ച് മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ ദേശീയ പാത 766 കോഴിക്കോട് വയനാട് പാതയിലെ ചുരം വഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിലച്ചു. അതിനാല്‍ ആരും തന്നെ കാഴ്ചകള്‍ കാണാനും, മറ്റു അത്യാവശ്യമല്ലാത്ത യാത്രകള്‍ക്കുമായി ചുരത്തിലേക്ക് പ്രവേശിക്കരുത് എന്ന് ജില്ലാകലക്ടറുടെ നിര്‍ദേശം. നിലവില്‍ ഇതുവഴി കാല്‍നട യാത്രക്കാര്‍ക്ക് വരെ കടന്ന് പോകുവാന്‍ സാധിക്കുകയില്ല. ഇപ്പോഴും പാറക്കല്ലുകള്‍ റോഡിലേക്ക് വീഴുന്നുണ്ടെന്നാണ് വിവരം. ചുരം ഒന്‍പതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായാണ് മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ചത്.
അത്യാവശ്യ യാത്രക്കാര്‍ മറ്റു ബദല്‍ റോഡുകള്‍ ഉപയോഗപ്പെടുത്താനാണ് നിര്‍ദേശം. ഗതാഗതം നാളെയോടെ പുനസ്ഥാപിക്കുമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു. താമരശ്ശേരി ചുരം കയറേണ്ട വാഹനങ്ങള്‍ താമരശ്ശേരി ചുങ്കത്തു നിന്നും തിരിഞ്ഞ് പേരാമ്പ്ര, കുറ്റ്യാടി ചുരം വഴി തിരിഞ്ഞു പോകണമെന്നും പൊലീസ് അറിയിച്ചു.
കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ ഫോഴ്സ് എത്തി മരങ്ങളും, കല്ലും നീക്കം ചെയ്യാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. അടിവാരത്തും, ലക്കിടിയിലും പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും വാഹനങ്ങള്‍ തിരിച്ചു വിടുന്നുണ്ട്.



