
തിരുവനന്തപുരം: വി ഡി സതീശനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാണിക്കാൻ “ELECTION VDS 2026” എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ നടന്ന സംഘടിത നീക്കങ്ങളുടെ തുടർച്ചയായി, ചില പ്രമുഖ ദൃശ്യ മാധ്യമങ്ങളെയും ദേശീയ മാധ്യമങ്ങളെയും സ്വാധീനിച്ച് പുതിയ സർവേ നാടകത്തിന് അണിയറയിൽ തയ്യാറെടുപ്പ് നടക്കുന്നതായി രാഷ്ട്രീയ വൃത്തങ്ങളിൽ സൂചന.
യുഡിഎഫിന് ജയസാധ്യത ഉറപ്പിക്കുന്ന തരത്തിലുള്ള എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തുവരുന്നതിനോടൊപ്പം തന്നെ “മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആരെ പിന്തുണയ്ക്കുന്നു?” എന്ന സാങ്കൽപ്പിക ചോദ്യമുയർത്തി സർവേ റിപ്പോർട്ടുകൾ പുറത്തുവിടാനാണ് നീക്കമെന്നാണ് ആരോപണം. അതിൽ വി ഡി സതീശനാണ് ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള നേതാവെന്ന രീതിയിൽ ശതമാന കണക്കുകൾ ഉയർത്തിക്കാട്ടുമെന്നാണ് സൂചന.
മീഡിയ വൺ ഉൾപ്പെടെ മൂന്ന് പ്രമുഖ ദൃശ്യ മാധ്യമങ്ങളും ഒരു ദേശീയ മാധ്യമവും ഈ അണിയറ പ്രവർത്തനത്തിന്റെ ഭാഗമാണെന്നാണ് ആരോപണം ഉയരുന്നത്. സോഷ്യൽ മീഡിയ ട്രെൻഡുകളും ചാനൽ സർവേകളും ഉപയോഗിച്ച് പൊതുധാരണ രൂപപ്പെടുത്താനുള്ള ശ്രമമാണിതെന്നാണ് വിലയിരുത്തൽ.
കോൺഗ്രസിന്റെ പരമ്പരാഗത ശൈലി പ്രകാരം, തിരഞ്ഞെടുപ്പിന് ശേഷം പാർലമെന്ററി പാർട്ടി യോഗത്തിൽ ഏറ്റവും കൂടുതൽ പിന്തുണ ലഭിക്കുന്ന നേതാവിനെ ഹൈക്കമാൻഡിന്റെ അംഗീകാരത്തോടെ മുഖ്യമന്ത്രിയായി തീരുമാനിക്കുകയാണ് പതിവ്. ആ രീതിക്ക് മാറ്റമില്ലെന്നും പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ഒരു ഡി.സി.സി അധ്യക്ഷൻ പോലും ആകാതെ നേരിട്ട് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തിയ ഒരാളെ “സ്വാഭാവിക മുഖ്യമന്ത്രി മുഖം” ആയി അവതരിപ്പിക്കാൻ നടത്തുന്ന പി.ആർ രാഷ്ട്രീയത്തെ പ്രവർത്തകരും ജനങ്ങളും തിരിച്ചറിയുമെന്ന അഭിപ്രായവും ഉയരുന്നു.
മുഖ്യമന്ത്രി സ്ഥാനാർഥിയായി തന്നെ ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടാൽ അതിന്റെ ഫലം എന്താകുമെന്ന് തനിക്ക് അറിയാമെന്ന് വി ഡി സതീശൻ തന്നെ മുൻപ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
സൈബർ സ്പേസിലെ റോബോട്ടിക് ലൈക്കുകളും ഷെയറുകളും ഉപയോഗിച്ച് സൃഷ്ടിക്കുന്ന “CM 2026” സിംഹാസന സ്വപ്നം യാഥാർത്ഥ്യമാകില്ലെന്നും, ജനാധിപത്യം പി.ആർ വർക്കുകൾ കൊണ്ടല്ല ജനപിന്തുണ കൊണ്ടാണ് തീരുമാനിക്കപ്പെടുന്നതെന്നും രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.




