
കോറോ ഹെൽത്തിന്റെ നടപടി രാജ്യത്ത് കേട്ട് കേൾവി പോലും ഇല്ലാത്തതാണെന്ന് വി ശിവൻകുട്ടി. ലേബർ കോഡിലെ നിയമങ്ങൾ തൊഴിലാളികളിൽ അടിച്ചേൽപ്പിക്കാൻ കഴിഞ്ഞ ഇടതുപക്ഷ സർക്കാർ തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയത്തിൽ മെല്ലെ പോക്ക് എന്ന നിലപാടാണ് സംസ്ഥാന സർക്കാരിനെന്നും നിയമവിരുദ്ധമായ നടപടി സ്വീകരിച്ച സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ഐടി സ്ഥാപനങ്ങളിലും സിഐടിയു സംഘടന ഉണ്ടാക്കാൻ തീരുമാനിച്ചെന്നും ശിവൻകുട്ടി പറഞ്ഞു.
ജീവനക്കാരെ തിരിച്ച് ജോലിയിൽ പ്രവേശിപ്പിക്കുവാനുള്ള പോരാട്ടമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടത് സർക്കാർ കാലത്ത് ഒരു സ്ഥാപനത്തിലും ജീവനക്കാർക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിട്ട് ഇല്ല. ഒരു കമ്പനി അടച്ച് പൂട്ടണം എങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി വേണം.
ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ കൃത്യമായി ഇടപെടണമെന്നും ജീവനക്കാരിൽ ഒരാൾക്ക് പോലും തൊഴിൽ നഷ്ടമാകരുതെന്നും അദ്ദേഹം പറഞ്ഞു. പരിഹാരം കാണുന്നതുവരെ സിഐടിയു സമരമുഖത്ത് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ലേബർ കോഡ് പ്രകാരമാണ് നടപടിയെന്നാണ് കമ്പനി വാദമെന്നും എന്നാൽ സംസ്ഥാന സർക്കാറിന്റെ മുൻകൂർ അനുമതി വേണമെന്നും അത് പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.




