സഭയിൽ ചരിത്ര റെക്കോർഡുമായി വി.ഡി. സതീശൻ

കേരള നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിനത്തിൽ സഭയിലെ മുഴുവൻ നടപടികളിലും സജീവമായി പങ്കെടുത്തുകൊണ്ട് വി.ഡി. സതീശൻ അപൂർവ റെക്കോർഡ് കുറിച്ചു. വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റം, ഗൾഫ് യാത്രാ പ്രതിസന്ധി തുടങ്ങിയ നിർണായക വിഷയങ്ങൾ ഉയർന്നുവന്ന ചോദ്യോത്തര വേളയിലുടനീളം കൃത്യമായ മറുപടികൾ നൽകിയാണ് അദ്ദേഹം സഭാനടപടികൾക്ക് തുടക്കമിട്ടത്.
തുടർന്ന്, തദ്ദേശ വിഹിതം വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിനും, ധനകാര്യ ബില്ലിന്റെ ചർച്ചയിലും ധനമന്ത്രിയെന്ന നിലയിൽ അദ്ദേഹം ദീർഘമായ മറുപടി പ്രസംഗം നടത്തി. പ്രതിപക്ഷത്തിന്റെ വൻ പ്രതിഷേധങ്ങൾക്കും സഭ ബഹിഷ്കരണങ്ങൾക്കും ഇടയിലും ഒരു ദിവസം ഇത്രയധികം സഭാനടപടികളിൽ അദ്ദേഹം തുടർച്ചയായി പങ്കെടുത്തത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.
രാവിലെ ഒൻപത് മണിക്ക് ആരംഭിച്ച് നീണ്ടുനിന്ന സഭയിൽ ശ്രദ്ധക്ഷണിക്കലുകൾക്കും പ്രധാനപ്പെട്ട ആറ് സബ്മിഷനുകൾക്കും അദ്ദേഹം നേരിട്ട് മറുപടി നൽകി. കൂടാതെ, വിദേശ സംഭാവന നിയന്ത്രണ ചട്ടഭേദഗതിക്കെതിരെയുള്ള നിർണായക പ്രമേയം സഭയിൽ അവതരിപ്പിച്ചതും അദ്ദേഹമായിരുന്നു. അടിയന്തര പ്രമേയ ചർച്ചയിലും ധനകാര്യ ബില്ലിന്റെ ചർച്ചയിലും അദ്ദേഹത്തിന്റെ മറുപടികളിൽ പ്രതിഷേധിച്ച് പ്രതിപക്ഷം രണ്ട് തവണ സഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു.ഒരുദിവസംതന്നെ ഇത്രയും നടപടികളിൽ തുടർച്ചയായി മുഖ്യമന്ത്രി പങ്കെടുക്കുന്നത് അപൂർവമാണ്.




