
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര ഇന്ന് ആലപ്പുഴ ജില്ലയിൽ. രാവിലെ എട്ടരയ്ക്ക് പ്രതിപക്ഷ നേതാവുമായുള്ള സംവാദം ആലപ്പുഴ കല്യാണി ഓഡിറ്റോറിയത്തിൽ നടക്കും. തുടർന്ന് പത്ത് മണിക്ക് മാധ്യമങ്ങളെ കാണും. ആരോഗ്യ മന്ത്രിക്ക് എതിരായ കെഎസ്‍യു അതിക്രമത്തിൽ ഇടത് പ്രതിഷേധം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് ഇന്ന് ആറ് നിയോജക മണ്ഡലങ്ങളിൽ പുതുയുഗ യാത്ര എത്തുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് യാത്രക്കും വി.ഡി സതീശനും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കാൻ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഇന്ന് ആലപ്പുഴയിലുണ്ട്.
അതേസമയം, ആരോഗ്യമന്ത്രിയെ ആക്രമിച്ച സംഭവത്തിൽ കണ്ണൂരിൽ പലയിടങ്ങളിലും സംഘർഷം ഉണ്ടായി. കണ്ണൂർ കോടിയേരിയിൽ കോൺഗ്രസ് ഓഫീസിന് തീയിട്ടു. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. കല്ലിൽത്താഴയിലുള്ള പാറാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിനാണ് തീയട്ടത്. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു. പിന്നിൽ സിപിഐഎം ആണെന്നാണ് കോണ്‍ഗ്രസ് ആരോപണം.
കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിക്കപ്പെട്ട ആരോഗ്യ മന്ത്രി വീണാ ജോർജിന് ഇന്ന് വിദഗ്ധ പരിശോധന നടത്തും. ഇന്നലെ രാത്രി 10 മണിയോടെയാണ് മന്ത്രിയെ പരിയാരത്ത് എത്തിച്ചത്. കഴുത്തിലെ ക്ഷതം, എംആർഐ സ്കാനിംഗ് ഉൾപ്പെടെ നടത്തി ആവശ്യമായ ചികിത്സ നൽകണമെന്നാണ് മെഡിക്കൽ ബോർഡ് തീരുമാനം.



