പ്രതിപക്ഷ റാലിയിലെ ചിത്രം വ്യാജമെന്ന് കേന്ദ്രമന്ത്രി; ‘എഐ ചിത്രം പോലും ശരിയായി നിർമിക്കാൻ അറിയില്ലെന്ന്’ പരിഹാസം

ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ത്യാ സഖ്യം നടത്തിയ ‘ചലോ ഡൽഹി” മഹാറാലിയിൽ ജനക്കൂട്ടത്തെ കാണിക്കുന്ന ചിത്രം എഐ ഉപയോഗിച്ച് നിർമിച്ചതാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു.
കോൺഗ്രസ് എംപി വംശി ഗദ്ദാമും മറ്റ് നേതാക്കളും റാലിയിലെ ജനക്കൂട്ടത്തെ കാണിക്കാൻ പങ്കുവച്ച ചിത്രം എഐ ആണെന്നാണ് കിരൺ ആരോപിച്ചത്. ജനക്കൂട്ടത്തെ കാണിക്കാൻ പ്രതിപക്ഷത്തിന് എഐ ചിത്രങ്ങൾ ഉപയോഗിക്കേണ്ടിവരുന്നുവെന്നും കിരൺ പരിഹസിച്ചു. എക്സ് പേജിലൂടെയായിരുന്നു പരിഹാസം. രാംലീലാ മൈതാനത്തായിരുന്നു ഇന്ത്യാ സഖ്യത്തിന്റെ റാലി.’രാലീലാ മൈതാനം നിറഞ്ഞിരുന്നുവെന്ന് കാണിക്കാൻ കോൺഗ്രസ് പാർട്ടി വ്യാജ ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്. എഐ ചിത്രം പോലും ശരിയായി നിർമിക്കാൻ അറിയില്ല’- കേന്ദ്രമന്ത്രി കുറിച്ചു. ഈ ചിത്രം എഐ ആണെന്ന് എക്സ് പേജിലൂടെ നിരവധി പേർ ചൂണ്ടിക്കാണിച്ചിരുന്നു.
റാലിവേദിയിലെ സ്റ്റേജിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ് മുതിർന്ന നേതാവ് സോണിയ ഗാന്ധിയുടെയും എഐ ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. മാത്രമല്ല ചിത്രത്തിലെ സ്റ്റേജ് യഥാർത്ഥ റാലി വേദിയിലെ സ്റ്റേജിൽ നിന്ന് വ്യത്യസ്തമാണെന്നും ചിലർ ചൂണ്ടിക്കാണിച്ചു.റാലി പരാജയമാണെന്ന് ഞായറാഴ്ച രാത്രി തന്നെ ബിജെപി നേതാക്കൾ ആരോപിച്ചിരുന്നു. 10 ലക്ഷം പേർ പങ്കെടുക്കുമെന്ന് അവകാശപ്പെട്ട റാലിയിൽ മൈതാനത്തിന്റെ 40 ശതമാനവും വിജനമായിരുന്നുവെന്നും രാഹുൽ ഗാന്ധി പ്രസംഗിക്കുമ്പോൾ തന്നെ ജനങ്ങൾ മൈതാനം വിട്ടുപോയെന്നും ബിജെപി വക്താവ് സംബിത് പത്ര പരിഹസിച്ചു. മൈതാനത്തെ 28000 കസേരകളിൽ 7000 എണ്ണം ഒഴിഞ്ഞു കിടക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




