KeralaNews

ജയിക്കുമെന്ന യുഡിഎഫ് അവകാശവാദം ഫണ്ട് പിരിവിന് വേണ്ടി: മുഹമ്മദ് റിയാസ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന യുഡിഎഫ് അവകാശവാദം ഫണ്ട് പിരിവിന് വേണ്ടിയെന്ന് സിപിഎം നേതാവും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ്. ഈ പിരിവ് മേയ് നാലുവരെ തുടരും. ഏപ്രില്‍ ഒമ്പത് മുതല്‍ മേയ് നാലുവരെ ഭരണപക്ഷം പോലെ യുഡിഎഫ് സംസാരിക്കുകയും പെരുമാറുകയും ചെയ്യുമെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ അവകാശവാദത്തിന് പിന്നിലുള്ള പ്രധാന കാരണം ഫണ്ട് പിരിവാണ്. കഴിഞ്ഞ 10 കൊല്ലമായി സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എല്‍ഡിഎഫ് ഫണ്ട് പിരിച്ചതിനേക്കാള്‍ കൂടുതല്‍ യുഡിഎഫ് പിരിക്കും. ഏപ്രില്‍ ഒമ്പത് മുതല്‍ മെയ് നാലിനുള്ളില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് മെഗാ ഫണ്ട് കളക്ഷന്‍ നടത്തും. അതിന്റെ ഭാഗമായി ഇതാ വരുന്നു, അധികാരത്തില്‍ കയറും, ജയിച്ചു എന്നൊക്കെ പറഞ്ഞു കൊണ്ടേയിരിക്കുമെന്നും മുഹമ്മദ് റിയാസ് പരിഹസിച്ചു. എന്നാല്‍ എല്‍ഡിഎഫിന്റെ ഭരണം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ രീതി കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഉണ്ടായിരുന്നു. 2021 ലെ വോട്ടെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണുന്നതിന്റെ ഇടയില്‍ ഇതുപോലെ യുഡിഎഫ് വിജയം ഉറപ്പിച്ചു, വകുപ്പ് വിഭജനം നടത്തി. ആര് ഏതൊക്കെ വകുപ്പ് എന്ന് നിശ്ചയിച്ചു. ആരൊക്കെ മന്ത്രിമാര്‍ ആകണം എന്നൊക്കെ ചര്‍ച്ചകള്‍ വരെ നടത്തിയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button