വ്യാജ തീപിടിത്ത ഭീതിയിൽ ദുരന്തം; ട്രാക്കിലേയ്ക്ക് ചാടിയ യാത്രക്കാരെ മറ്റൊരു ട്രെയിൻ ഇടിച്ച് നാല് മരണം

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ മൊറേന ജില്ലയിൽ ട്രെയിനിൽ തീപിടിത്തമുണ്ടായെന്ന വ്യാജപ്രചരണത്തെ തുടർന്ന് ട്രാക്കിലേയ്ക്ക് ചാടിയ നാല് യാത്രക്കാർ മറ്റൊരു ട്രെയിനിടിച്ച് മരിച്ചു. മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് 4.15ഓടെ ഝാൻസി റെയിൽവേ ഡിവിഷനിലെ ഹേതംപൂർ സ്റ്റേഷന് സമീപമാണ് ദാരുണമായ സംഭവം നടന്നത്. ജുരാഹോ–ഉദയ്പൂർ ഇന്റർസിറ്റി എക്സ്പ്രസിലെ ജനറൽ കോച്ചിൽ യാത്രക്കാരന്റെ ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്ന് തീപിടിത്തമുണ്ടായെന്ന വ്യാജവാർത്തയാണ് പരന്നത്. ഇതോടെ പരിഭ്രാന്തരായ യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി പുറത്തേക്ക് ചാടുകയായിരുന്നു.
ഈ സമയം എതിർദിശയിൽ എത്തിയ ഫിറോസ്പൂർ–സിയോണി പാതാൽകോട്ട് എക്സ്പ്രസ് ട്രാക്കിൽ നിന്നിരുന്ന യാത്രക്കാരെ ഇടിക്കുകയായിരുന്നു. ട്രാക്കിലെ വളവും ഇരുട്ടും കാരണം മുന്നറിയിപ്പ് ലഭിക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമികമായി വിലയിരുത്തുന്നു. ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് പ്രയോഗിച്ചെങ്കിലും അപകടം ഒഴിവാക്കാനായില്ല.
ട്രെയിനിൽ തീപിടിത്തമുണ്ടായിരുന്നില്ലെന്നും വ്യാജപ്രചാരണമാണ് ദുരന്തത്തിന് കാരണമായതെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് റെയിൽവേയും പൊലീസും അന്വേഷണം ആരംഭിച്ചു. ആരാണ് വ്യാജവാർത്ത പ്രചരിപ്പിച്ചതെന്നത് ഇതുവരെ വ്യക്തമല്ല.




