KeralaNews

‘പിണറായിയുടെ പ്രസം​ഗം പാർട്ടി നിലപാടിന് വിരുദ്ധം; കെ കെ രാഗേഷ് കെട്ടി ഇറക്കിയ ആൾ’; രൂക്ഷ വിമർശനവുമായി ടി കെ ഗോവിന്ദൻ

തെരഞ്ഞെടുപ്പിൽ സിപിഎം നേരിട്ടത് ചരിത്രത്തിലെ വലിയ പരാജയമാണെന്നും പിണറായിയുടെ പ്രസം​ഗം പാർട്ടി നിലപാടിന് വിരുദ്ധമെന്നും ടി.കെ ഗോവിന്ദൻ എംഎൽഎ. പരാജയത്തിൻ്റെ കാരണം കണ്ടെത്തി തിരുത്തുമെന്നാണ് പാർട്ടി പറഞ്ഞത്. എന്നാൽ, കേന്ദ്ര കമ്മിറ്റി കണ്ടെത്തിയ ഒരു കാരണവും പിണറായി വിശദീകരണ യോഗത്തിൽ മിണ്ടിയില്ലെന്നും സ്ഥാനാർഥികളെ കുറ്റം പറഞ്ഞ് അവിടെ നിന്ന് മടങ്ങിയെന്നും അദ്ദേഹം വിമർശിച്ചു. തളിപ്പറമ്പിലും പയ്യന്നൂരിലും മാത്രമാണ് വിശദീകരണയോഗം നടത്തിയത്. രണ്ട് സ്ഥലങ്ങളിൽ മാത്രമാണോ പാർട്ടി തോറ്റതെന്നും സ്ഥാനാർത്ഥിനിർണയം പാളിയെന്ന് കേന്ദ്ര കമ്മിറ്റി പറഞ്ഞില്ലെയെന്നും എന്തുകൊണ്ടാണ് വിശദീകരണ യോഗത്തിൽ ഇക്കാര്യം പിണറായി പറയാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാ​ഗേഷിനെതിരെയും ടി.കെ ​ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാ​ഗേഷ് ജനിക്കും മുൻപ് പാർട്ടി നേതൃത്വത്തിൽ വന്നയാളാണ് താനെന്നും തന്നെ വിമർശിക്കും മുൻപ് രാ​​ഗേഷ് കണ്ണാടിയിൽ നോക്കണമായിരുന്നുവെന്നും ​ഗോവിന്ദൻ പറഞ്ഞു. വ്യക്തി അധിക്ഷേപം തിരിച്ചുപറയുന്നില്ല. വയറിംഗ്, പ്ലംബിങ് തൊഴിലാളി ആയാണ് രാഗേഷ് പാർട്ടിയിൽ വന്നത്. അന്നുള്ള സ്വത്തും ഇപ്പോഴുള്ള സ്വത്തും അന്വേഷിക്കണമെന്നും ​ഗോവിന്ദൻ ആവശ്യപ്പെട്ടു.

കെ.കെ രാഗേഷിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് കെട്ടിയിറക്കിയതാണെന്ന് ഗോവിന്ദന്‍ ആരോപിച്ചു. കണ്ണൂര്‍ ലോക്‌സഭാ സീറ്റില്‍ മത്സരിപ്പിച്ചു. രണ്ടു തവണ എ.പി അബ്ദുല്ല കുട്ടി പാര്‍ട്ടി സ്ഥാനാര്‍ഥിയായി വന്‍ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലമാണ്. അവിടെയാണ് ഈ മഹാനായ ആളെ കൊണ്ടുവന്ന് മത്സരിപ്പിച്ചത്. അപ്പോള്‍ സുധാകരന്‍ മത്സര രംഗത്ത് വന്നപ്പോള്‍ ഒരു വലിയ വോട്ട് തോറ്റു. എങ്ങനെയുണ്ട് അദ്ദേഹത്തിന്റെ ജനകീയ അംഗീകാരം? ഒരു ബ്രാഞ്ച് സെക്രട്ടറിയോ ഏരിയ സെക്രട്ടറിയോ ആകാതെയാണ് രാഗേഷിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് കെട്ടിയിറക്കിയത്. മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍ നിന്ന് നേരെ ജില്ലാ സെക്രട്ടറിയാക്കുകയായിരുന്നു. മൂക്കാതെ പഴുത്തയാളാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. തിരുത്താനാണ് നിലപാടെങ്കില്‍ നിങ്ങള്‍ ഞങ്ങളെ ഹരാസ് ചെയ്യുന്നതിനു പകരം ഞങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്തവരെ പറഞ്ഞ് ബോധ്യപ്പെടുത്തി ഞങ്ങള്‍ക്ക് തെറ്റ് പറ്റി എന്ന് പറഞ്ഞ് തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കണം -അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button