തൃശ്ശൂർ വെടിക്കെട്ട് ദുരന്തം! പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുന്നു; തിരിച്ചറിയാത്ത മൃതദേഹങ്ങൾക്കായി ഡിഎൻഎ പരിശോധന

തൃശ്ശൂർ മുണ്ടത്തിക്കോട്ട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ തൃശ്ശൂർ മെഡിക്കൽ കോളേജിൽ വേഗത്തിൽ പുരോഗമിക്കുകയാണ്. ഇതുവരെ 5 മൃതദേഹങ്ങളും 11 ശരീരഭാഗങ്ങളും പോസ്റ്റ്മോർട്ടം ചെയ്തു കഴിഞ്ഞുവെന്നും ബാക്കിയുള്ളവ ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രി കെ. രാജൻ അറിയിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ തിരിച്ചറിയാൻ കഴിയാത്ത വിധത്തിലുള്ള ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിയാനാണ് സർക്കാർ തീരുമാനം. ഇതിനായി രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിൽ നിന്നുള്ള പ്രത്യേക സംഘം തൃശ്ശൂരിലെത്തി നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കോട്ടയം, കോഴിക്കോട്, പാലക്കാട്, എറണാകുളം ജില്ലകളിലെ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ സേവനം തൃശ്ശൂരിൽ ഉറപ്പാക്കിയിട്ടുണ്ട്. നാല് സ്ഥലങ്ങളിലായി പ്രത്യേക കൺട്രോൾ റൂമുകൾ തുറന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരികയാണ്. അപകടത്തിൽപ്പെട്ടവർക്കുള്ള അടിയന്തര ധനസഹായം സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള 13 പേരിൽ 10 പേരും തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്. ലൈസൻസിയായ സതീശന്റെയും പ്രവീണിന്റെയും നില അതീവ ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിലുളള സതീശനെ കൂടാതെ പരിക്കേറ്റ മറ്റൊരാളെ ഇപ്പോൾ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയാണ്. വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ ഇതുവരെ 13 ജീവനുകളാണ് നഷ്ടമായത്. ഇതിൽ ആറ് പേരെ മാത്രമാണ് നിലവിൽ തിരിച്ചറിയാൻ സാധിച്ചിട്ടുള്ളത്.




