News
അച്ഛന്റെ മൃതദേഹം വീട്ടിലെത്തിക്കുന്നതിനിടെ മകനും കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം: അച്ഛൻ മരിച്ച് മൃതദേഹം വീട്ടിലെത്തിക്കുന്നതിനിടെ മകനും കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. ഐത്തിയൂർ തുണ്ടു വിളാകത്ത് വീട്ടിൽ ഗോപി നാടാർ ( 83 ) മകൻ ശെൽവരാജ് ( 49 ) എന്നിവരാണ് മരിച്ചത്. രോഗ ബാധിതനായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഗോപി നാടാർ ബുധനാഴ്ച രാത്രി 10.30ഓടെയാണ് മരിച്ചത്.
ആശുപത്രിയിൽ നിന്ന് മൃതദേഹം വീട്ടിലെത്തിച്ച് ഒരു മണിക്കൂറിന് ശേഷമാണ് മകൻ ശെൽവരാജ് കുഴഞ്ഞുവീഴുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹൃദ്രോഗ ബാധിതനായിരുന്നു ശെൽവരാജ്. മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്ത് ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടതായിരുന്നു. എന്നാൽ ഇതിനിടെ മരണം അപ്രതീക്ഷിതമായി കവരുകയായിരുന്നു. അച്ഛന്റെയും മകന്റെയും സംസ്‌കാര ചടങ്ങുകൾ അരമണിക്കൂർ ഇടവേളയിൽ നടത്തി.



