Cinema

സൽമാൻ ഖാനിൽ നിന്ന് ഐശ്വര്യയെ സംരക്ഷിക്കുകയായിരുന്നു ജോലി; ഏഴ് ദിവസത്തെ അനുഭവം വെളിപ്പെടുത്തി മുൻ ബോഡിഗാർഡ്

മുംബൈ: ബോളിവുഡിലെ ഒരുകാലത്തെ പ്രണയജോഡികളായിരുന്ന സൽമാൻ ഖാനും ഐശ്വര്യ റായിയും വീണ്ടും വാർത്തകളിൽ. ഇരുവരും തമ്മിലുള്ള ബന്ധത്തിലെ തകർച്ചയും തുടർന്നുണ്ടായ അസ്വാരസ്യങ്ങളും സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഐശ്വര്യയുടെ മുൻ അംഗരക്ഷകൻ കേതൻ കരണ്ടെ. സൽമാൻ ഖാനിൽ നിന്ന് ഐശ്വര്യയെ സുരക്ഷിതയാക്കുന്നതിനായി തന്നെ പ്രത്യേകമായി ജോലിക്കെടുത്തതാണെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

ആർട്ട് മീഡിയ എന്റർടെയ്ൻമെന്റ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കേതൻ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. ഏകദേശം 20 വർഷങ്ങൾക്ക് മുമ്പ്, ഐശ്വര്യ റായി അഭിനയിച്ചിരുന്ന ‘കുച്ച് നാ കഹോ’ എന്ന ചിത്രത്തിന്റെ ചിത്രീകരണ കാലത്തായിരുന്നു സംഭവം. ഏഴ് ദിവസത്തേക്കാണ് ഐശ്വര്യയുടെ സുരക്ഷാ ചുമതല തന്നെ ഏൽപ്പിച്ചതെന്നും അദ്ദേഹം പറയുന്നു.

ഐശ്വര്യയെ വീട്ടിൽനിന്ന് സിനിമാ സെറ്റുകളിലേക്ക് എത്തിക്കുകയും തിരിച്ചുകൊണ്ടുപോകുകയും ചെയ്യുകയായിരുന്നു പ്രധാന ജോലി. ഇതിനിടെ ഒരു ഫാഷൻ ഷോയിൽ പങ്കെടുക്കാൻ ഐശ്വര്യയെ അനുഗമിച്ചപ്പോഴുണ്ടായ അനുഭവവും കേതൻ പങ്കുവെച്ചു.

പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ അപ്രതീക്ഷിതമായി സൽമാൻ ഖാനെ നേരിൽ കണ്ടുമുട്ടി. എന്തുചെയ്യണമെന്ന് അറിയാതെ വാഹനത്തിലുണ്ടായിരുന്നവർ ഭയന്നുപോയി. പുറത്തിറങ്ങണമോയെന്ന് ആലോചിച്ചെങ്കിലും ഡ്രൈവർ വാഹനം തിരിച്ച് അവിടെനിന്ന് പോകുകയായിരുന്നുവെന്ന് കേതൻ ഓർത്തെടുത്തു.

ഈ സംഭവത്തിന് പിന്നാലെ സുരക്ഷാ ജോലി തുടരാൻ താൽപര്യമില്ലാതായെന്നും അദ്ദേഹം വ്യക്തമാക്കി. സൽമാൻ ഖാന്റെയും ഐശ്വര്യ റായിയുടെയും ആരാധകനായ തനിക്ക് ഇരുവരുടെയും വ്യക്തിപരമായ പ്രശ്നങ്ങൾക്കിടയിൽപ്പെടാൻ താൽപര്യമില്ലായിരുന്നു. അതുകൊണ്ടുതന്നെ ജോലി ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.

1999-ൽ പുറത്തിറങ്ങിയ സഞ്ജയ് ലീല ബൻസാലിയുടെ ‘ഹം ദിൽ ദേ ചുകേ സനം’ എന്ന ചിത്രത്തിലൂടെയാണ് സൽമാനും ഐശ്വര്യയും അടുത്തറിയുന്നത്. സിനിമയിലെ മികച്ച കെമിസ്ട്രി പിന്നീട് ഇരുവരുടെയും പ്രണയബന്ധത്തെക്കുറിച്ചുള്ള വാർത്തകൾക്കും വഴിയൊരുക്കി. എന്നാൽ 2002-ഓടെ ബന്ധം അവസാനിച്ചു.

വേർപിരിയലിന് പിന്നാലെ ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങൾ സിനിമാ ലോകത്ത് വലിയ ചർച്ചയായിരുന്നു. ഷാരൂഖ് ഖാൻ നായകനായ ‘ചൽതേ ചൽതേ’യുടെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവങ്ങളും ഐശ്വര്യയ്ക്ക് സിനിമാ അവസരങ്ങൾ നഷ്ടമായതായുള്ള റിപ്പോർട്ടുകളും പിന്നീട് പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ വർഷങ്ങൾക്കുശേഷം മുൻ അംഗരക്ഷകന്റെ വെളിപ്പെടുത്തൽ പഴയ വിവാദങ്ങളെ വീണ്ടും ചർച്ചയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button