KeralaNews

കള്ളാടി മണ്ണിടിച്ചില്‍; കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരും, ദുരന്തം ഹൈക്കോടതി ഇന്ന് പരിഗണിക്കും

വയനാട്ടിലെ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിഷയത്തില്‍ സര്‍ക്കാര്‍ വസ്തുതാ റിപ്പോര്‍ട്ട് ഹാജരാക്കും. അമിക്കസ് ക്യൂറിയും കോടതിയില്‍ ഹാജരാകും. ദുരന്തകാരണം, നിലവിലെ സാഹചര്യം, രക്ഷാപ്രവര്‍ത്തനം എന്നിവയാണ് കോടതി പരിഗണിക്കുക. വയനാട്ടിലെ പ്രകൃതി ദുരന്തങ്ങളില്‍ സ്വമേധയാ എടുത്ത കേസ്, പ്രത്യേകം പട്ടികപ്പെടുത്തിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുക. അതേസമയം മണ്ണിടിച്ചിലില്‍ കാണാതായ രണ്ട് പേര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും. ഇന്നലെ നടന്ന പരിശോധനയില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിരുന്നു. തുടര്‍ച്ചയായ നാലാം ദിവസമാണ് മേഖലയില്‍ പരിശോധന നടക്കുന്നത്.

ഇന്നലെ മൃതദേഹങ്ങള്‍ കണ്ടെടുത്ത ഭാഗങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തും. പുഴകളിലും പ്രത്യേക സംഘത്തിന്റെ പരിശോധന നടക്കുന്നുണ്ട്. മേഖലയില്‍ കര്‍ശനമായ ഗതാഗത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മേപ്പാടി ഗ്രാമപഞ്ചായത്തിലെ എട്ട്, ഒന്‍പത്, 10,11,12 വാര്‍ഡുകളിലെ തേയില കര്‍ഷകര്‍ സംഭരിക്കുന്ന തേയില, മേപ്പാടി-ചൂരല്‍മല റോഡ് മാര്‍ഗം കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും അവശ്യ സര്‍വീസുകളായ പാല്‍, പത്രം, ആംബുലന്‍സ് എന്നിവക്കും ഗതാഗത നിയന്ത്രണത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്. ദുരന്തമേഖലയെ നാല് സോണുകളാക്കി തിരിച്ചാണ് തെരച്ചില്‍ നടത്തുന്നത്. ഇന്നലത്തെ പരിശോധനയില്‍ ഒന്നാമത്തെ സോണില്‍ നിന്നാണ് ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്. ബിഹാര്‍ സ്വദേശി മുഹമ്മദ് ഇമ്രാന്‍ (എസ്‌കവേറ്റര്‍ ഓപറേറ്റര്‍) എന്നയാളുടെ മൃതദേഹമാണ് ആദ്യം കണ്ടെത്താനായത്.

ഹിമാചല്‍ പ്രദേശ് സ്വദേശിയായ രാഹുല്‍ ശര്‍മ (എന്‍ജിനീയര്‍)യുടെ മൃതദേഹമാണ് രണ്ടാമത് കണ്ടെത്തിയത്. മീനാക്ഷി പുഴയില്‍ ബസ് കിടന്ന സ്ഥലത്തുനിന്നാണ് രാഹുലിന്റെ മൃതദേഹം കിട്ടിയത്. ബസ് കഴിഞ്ഞ ദിവസം ക്രെയിന്‍ ഉപയോഗിച്ച് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി എംബാമിങ്ങിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും. ശേഷം മൃതദേഹങ്ങള്‍ അതത് സംസ്ഥാനങ്ങളിലേക്ക് അയക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button