സിപിഎം തിരുവനന്തപുരം ജില്ലാ നേതൃത്വത്തിൽ സംഘർഷം ശക്തം; വി. ജോയിയെ മാറ്റാത്തതിൽ വി. ശിവൻകുട്ടിക്ക് അതൃപ്തി ഉയരുന്നു

തിരുവനന്തപുരം സിപിഐഎമ്മിൽ ജില്ലാ സെക്രട്ടറി സ്ഥാനം സംബന്ധിച്ച തർക്കങ്ങൾ പുതിയ തലത്തിലേക്ക്. വി. ജോയിയെ ജില്ലാ സെക്രട്ടറിയായി നിലനിർത്താനുള്ള തീരുമാനത്തിനെതിരെയുള്ള തന്റെ ശക്തമായ വിയോജിപ്പ് വി. ശിവൻകുട്ടി വീണ്ടും സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. സംസ്ഥാനത്തുടനീളം ജില്ലാ സെക്രട്ടറിമാരെ തിരഞ്ഞെടുത്തപ്പോൾ സ്വീകരിച്ച പൊതുമാനദണ്ഡം വി. ജോയിയുടെ കാര്യത്തിൽ ലംഘിക്കപ്പെട്ടു എന്നാണ് പ്രധാന വിമർശനം.
എംഎൽഎമാർ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞുനിൽക്കുക എന്നുള്ളതാണ് പാർട്ടിയിലെ പൊതുരീതിയെന്നും, തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ പോലും പദവികൾ ഒഴിഞ്ഞവരുണ്ടെന്നും വിയോജിപ്പുള്ളവർ ചൂണ്ടിക്കാണിക്കുന്നു. ഈ അതൃപ്തിയെത്തുടർന്ന് കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിൽ നിന്നും വി. ശിവൻകുട്ടി വിട്ടുനിന്നിരുന്നു.
നിലവിൽ ജില്ലാ കമ്മിറ്റിയിൽ മൂന്ന് പേർ മാത്രമാണ് വി. ജോയ് തുടരുന്നതിനോട് വിയോജിച്ചതെങ്കിലും, ഈ ആഭ്യന്തര ഭിന്നത വരും ദിവസങ്ങളിൽ പാർട്ടിക്ക് തലവേദനയാകുമോ എന്ന ആശങ്ക സംസ്ഥാന നേതൃത്വത്തിനുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ സിറ്റിംഗ് സീറ്റായ വർക്കലയിൽ ജോയ് മത്സരിക്കേണ്ടതില്ലെന്ന് സംസ്ഥാന നേതൃത്വം ആദ്യം നിലപാടെടുത്തിരുന്നെങ്കിലും, ജോയ് മത്സരിച്ചില്ലെങ്കിൽ സീറ്റ് നഷ്ടപ്പെടുമെന്ന ജില്ലാ കമ്മിറ്റിയുടെ സമ്മർദ്ദത്തിന് വഴങ്ങുകയായിരുന്നു.
തുടർന്ന് ജോയ് മത്സരിക്കുകയും താൽക്കാലികമായി സെക്രട്ടറി ചുമതല ഒഴുയുകയുമാണുണ്ടായത്. നഗരസഭ ഭരണം ബിജെപിയുടെ കൈവശമായതിനാൽ തിരുവനന്തപുരം നഗരത്തിൽ സംഘടനയെ കൂടുതൽ സജീവമാക്കേണ്ടതുണ്ടെന്ന ആവശ്യവും ഇതോടൊപ്പം കമ്മിറ്റിയിൽ ഉയർന്നിട്ടുണ്ട്.



