ചുറ്റിനും വെള്ളം; പ്രാണരക്ഷാർത്ഥം മരത്തിനു മുകളിൽ അഭയം തേടി യുവാവ്

മുംബയ്: കനത്ത മഴയെത്തുടർന്ന് നദിയിലെ ജലനിരപ്പ് അപ്രതീക്ഷിതമായി ഉയർന്നതിനെ തുടർന്ന് ഒഴുക്കിൽപ്പെട്ട് യുവാവിന് രക്ഷയായത് നദിമദ്ധ്യത്തിലെ ഉയരമുള്ള മരം. സുരേഷ് ഭിൽ എന്ന യുവാവാണ് മഹാരാഷ്‌ട്രയിലെ ജൽഗാവ് ജില്ലയിലെ അഞ്ജനി നദിയിലുണ്ടായ ശക്തമായ ഒഴുക്കിൽ അകപ്പെട്ടത്. പ്രാണരക്ഷാർത്ഥം നദിയുടെ മദ്ധ്യത്തിലെ ഉയരമുള്ള മരത്തിൽ കയറി അഭയം തേടിയ യുവാവിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
യുവാവ് മരത്തിനുമുകളിൽ കുടുങ്ങിയെന്ന് മനസിലാക്കിയ നാട്ടുകാർ ഉടൻതന്നെ അധികൃതരെ വിവരം അറിയിച്ചു. യുവാവിനെ കരയ്‌ക്കെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും തുടർച്ചയായ മഴയും നദിയിലെ ശക്തമായ ഒഴുക്കും രക്ഷാദൗത്യത്തിന് വെല്ലുവിളിയായി.
അതേസമയം, നിറഞ്ഞൊഴുകുന്ന നദികളും തോടുകളും മുറിച്ചുകടക്കരുതെന്നും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലേക്ക് പ്രവേശിക്കരുതെന്നും അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. മഴക്കാലത്ത് ജലനിരപ്പ് വളരെ വേഗത്തിൽ ഉയരാൻ സാദ്ധ്യതയുള്ളതിനാൽ ഇത്തരം സാഹസങ്ങൾ ജീവന് ഗുരുതര ഭീഷണിയാകുമെന്നും അധികൃതർ വ്യക്തമാക്കി.മഹാരാഷ്‌ട്രയിൽ അടുത്ത അഞ്ച് ദിവസവും വ്യാപകമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന് നേരത്തെതന്നെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.സംസ്ഥാന എമർജൻസി കൺട്രോൾ റൂമിന്റെ കണക്കുകൾ പ്രകാരം കനത്ത മഴയെത്തുടർന്ന് ഏകദേശം 100 വീടുകൾക്ക് നാശനഷ്‌ടമുണ്ടായിട്ടുണ്ട്. പ്രളയസമാനമായ സാഹചര്യം നേരിട്ട നൂറുകണക്കിന് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപാർപ്പിച്ചു. സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചതനുസരിച്ച്, അപകടസാദ്ധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്ക് പ്രാദേശികതലത്തിൽ തത്സമയ മുന്നറിയിപ്പ് സംവിധാനങ്ങളും വ്യാപകമായി വിന്യസിച്ചിട്ടുണ്ട്.




