വിദ്യാർത്ഥികളെ സിജെപിയുടെ പ്രതിഷേധങ്ങളിൽ നിന്ന് വിലക്കി; പിന്നാലെ വൻ പ്രതിഷേധം

ചെന്നൈ: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർത്ഥികളെ വിലക്കാൻ ഉത്തരവിട്ട് തമിഴ്‌നാട് സർക്കാർ. സ്കൂൾ വിദ്യാഭ്യാസ വകുപ്പിനും ഉന്നതവിദ്യാഭ്യാസ വകുപ്പിനും നൽകിയ ഉത്തരവ് ഓഗസ്റ്റ് 17നാണ് പുറത്തിറക്കിയത്. എന്നാൽ ഇത് വിവാദമായതോടെ പിൻവലിക്കുകയായിരുന്നു.
ഇടതുപക്ഷ സംഘടനകളും തമിഴ്നാട് കോക്രോച്ച് ജനതാ പാർട്ടിയും നടത്തുന്ന പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നാണ് വിദ്യാർത്ഥികളെയും യുവാക്കളെയും വിലക്കിയിരുന്നത്. അടിയന്തരപ്രാധാന്യമുള്ള വിഷയം എന്നും ഉത്തരവിൽ സൂചിപ്പിച്ചിരുന്നു. സ്കൂൾ വിദ്യാഭ്യാസ വകുപ്പിനും ഉന്നതവിദ്യാഭ്യാസ വകുപ്പിനും പൊലീസിനും ജില്ലാഭരണകൂടത്തിനുമുള്ള നിർദേശം കമ്മീഷണർ ഓഫ് കോളേജിയേറ്റ് വിദ്യാഭ്യാസ വകുപ്പാണ് പുറത്തിറക്കിയത്.
ഉത്തരവ് പുറത്തിറക്കിയതോടെ വലിയ വിമർശനമാണ് പല കോണുകളിൽ നിന്നും ഉയർന്നത്. ഭരണഘടനാവിരുദ്ധവും യുക്തിരഹിതവുമായ ഉത്തരവാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് സിജെപി ദേശീയ കൺവീനർ സൗരവ് ദാസ് പ്രതികരിച്ചിരുന്നു.വിഷയത്തിൽ സർക്കാരിന് പിന്തുണയുമായാണ് ബിജെപി രംഗത്തെത്തിയത്.
അനാവശ്യമായ ബഹളങ്ങളുടെ ഏജന്റുമാരാണ് സിജെപിയും ഇടതുപക്ഷ സംഘടനകളുമെന്നാണ് ബിജെപി നേതാവ് വിനോഡ് സെൽവം പ്രതികരിച്ചത്. പഠനത്തിലും ജോലിയിലും ശ്രദ്ധകേന്ദ്രീകരിക്കേണ്ടപ്പോൾ നേതാക്കൾ വിദ്യാർത്ഥികളെ വഴിതെറ്റിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പ്രതിഷേധം ശക്തമായതോടെ ഇന്ന് സർക്കാർ പുതിയ ഉത്തരവ് പിൻവലിക്കുകയായിരുന്നു.




