സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാന നേതാക്കൾക്ക് പങ്കില്ലെന്ന് പോറ്റി

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി ശബരിമല സ്വർണക്കൊള്ളക്കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി. കൂടിക്കാഴ്ചയിൽ സംസ്ഥാന നേതാക്കൾക്ക് പങ്കില്ലെന്നും ഉപയോഗിച്ചത് കർണാടകത്തിലെ രാഷ്ട്രീയ ബന്ധങ്ങളാണെന്നുമാണ് പോറ്റിയുടെ മൊഴി.
കർണാടകത്തിലെ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും ഈ ബന്ധങ്ങൾ ഉപയോഗിച്ചാണ് കൂടിക്കാഴ്ചയ്ക്ക് അവസരം നേടിയതെന്നും മൊഴി നൽകിയ പോറ്റി, സോണിയയുമായുള്ള കൂടിക്കാഴ്ചയിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് വിവരം. മൊഴി വിശദമായി പരിശോധിച്ച ശേഷം മാത്രം തുടർനടപടി സ്വീകരിക്കാനാണ് എസ്ഐടിയുടെ നീക്കം.
നിലവിൽ ജാമ്യത്തിൽ തുടരുന്ന പോറ്റിയെ ഇന്നലെ എസ്ഐടി ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. ഇതേ സമയത്ത് തന്നെയായിരുന്നു യുഡിഎഫ് കൺവീനറും എംപിയുമായ അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്തത്. 90 ദിവസമായിട്ടും കേസിൽ കുറ്റപത്രം നൽകാത്തതിനാൽ ദ്വാരപാലക പാളി കേസിന് പിന്നാലെ കട്ടിളപ്പാളി കേസിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെയാണ് പോറ്റി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.




