“കടകൾ നിറയെ ബക്കാർഡി, കടൽ നിറയെ അദാനി!” കേരളത്തിൽ നടക്കുന്നത് രണ്ട് വൻ ഡീലുകളെന്ന് എ.എ. റഹീം

കേരളത്തിൽ ഇപ്പോൾ നടക്കുന്നത് രണ്ട് വലിയ ഡീലുകളാണെന്ന കടുത്ത വിമർശനവുമായി എ.എ. റഹീം രംഗത്ത്. “കടകൾ നിറയെ ബക്കാർഡി, കടൽ നിറയെ അദാനി” എന്നതാണ് പുതിയ മുഖ്യമന്ത്രിയുടെ വിജയമന്ത്രമെന്ന് അദ്ദേഹം പരിഹസിച്ചു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമേ അദാനിക്ക് സൂപ്പർ സർക്കാർ ആകാൻ കഴിയൂ എന്ന കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന്റെ പ്രസ്താവനയെ ചൂണ്ടിക്കാട്ടിയ റഹീം, എങ്കിൽ ഇപ്പോൾ കേരളം ഭരിക്കുന്നത് ബി.ജെ.പി ആണോ എന്ന ചോദ്യം ഏറെ പ്രസക്തമാണെന്ന് ഓർമ്മിപ്പിച്ചു. അധികാരം ഏറ്റെടുത്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ കേരളത്തിലെ ജനങ്ങൾ ഈ ചോദ്യം ചോദിച്ചു തുടങ്ങിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ദേശീയതലത്തിൽ അദാനിക്കെതിരെ വലിയ പോരാട്ടം നടത്തുമ്പോൾ, കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട് എന്താണെന്ന് റഹീം ചോദിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ മംഗളൂരു യാത്രയിൽ വലിയ ദുരൂഹതയുണ്ട്. തിരഞ്ഞെടുപ്പ് ജയിച്ചാൽ കോൺഗ്രസ് പ്രസിഡന്റിനെയാണ് ആദ്യം കാണേണ്ടതെന്ന പാർട്ടി കീഴ്വഴക്കം ലംഘിച്ച് വി.ഡി. സതീശൻ ആദ്യം പോയത് അദാനി ഗ്രൂപ്പിന്റെ പ്രസിഡന്റിനെ കാണാനാണ്. രാഹുൽ ഗാന്ധിയുടെ തീരുമാനങ്ങളെപ്പോലും മറികടക്കാൻ കെൽപ്പുള്ള ഒരു പുതിയ ‘പവർ ഗ്രൂപ്പ്’ കോൺഗ്രസിനുള്ളിൽ രൂപപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. നിലവിലെ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്നത് ഇന്ദിരാ ഭവന്റെ താല്പര്യപ്രകാരമല്ല, മറിച്ച് ബി.ജെ.പി ആസ്ഥാനമായ മാരാർ ഭവന്റെ അജണ്ടകൾക്ക് അനുസരിച്ചാണെന്നും റഹീം ആരോപിച്ചു.
അയോധ്യ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സാമ്പത്തിക കൊള്ളയെക്കുറിച്ചും റഹീം പ്രതികരിച്ചു. നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിൽ ഡി.വൈ.എഫ്.ഐക്ക് ഒട്ടും വിശ്വാസമില്ലെന്നും സുപ്രീം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ അന്വേഷണം നടത്തിയാൽ മാത്രമേ യഥാർത്ഥ സത്യം പുറത്തുവരൂ എന്നും അദ്ദേഹം പറഞ്ഞു. ഈ അഴിമതിയിലൂടെ സംഘപരിവാറിന്റെ യഥാർത്ഥ മുഖം ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ ഞെട്ടിച്ച ഈ കൊള്ളയിൽ പ്രധാനമന്ത്രി പുലർത്തുന്ന മൗനം കുറ്റകരമാണെന്നും എ.എ. റഹീം എം.പി കുറ്റപ്പെടുത്തി.




