
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹർജികൾ സുപ്രീംകോടതി നാളെ പരിഗണിക്കും. ശബരിമല യുവതി പ്രവേശനം എതിർക്കുന്നവരുടെ വാദമാണ് അടുത്ത ആദ്യ 3 ദിവസം കേൾക്കുക. ഏപ്രിൽ 14,15,16 തീയതികളാണ് യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം. കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിൽ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചിരുന്നു.
ബെഞ്ചിൽ ജസ്റ്റിസ് ബി.വി. നാഗരത്നയാണ് ഏക വനിതാ അംഗം .യുവതി പ്രവേശനത്തിൽ അന്തിമ നിലപാട് സ്വീകരിക്കുന്നതിന് മുൻപ് മതപണ്ഡിതന്മാരും സാമൂഹിക പരിഷ്കർത്താക്കളും അടങ്ങുന്ന സമിതി രൂപീകരിച്ച് അഭിപ്രായം തേടണം എന്നായിരുന്നു സംസ്ഥാന സർക്കാർ നിലപാട്. അതേസമയം തിരുവിതാംകൂർ ദേവസ്വം ബോർഡ് അടക്കം യുവതി പ്രവേശനത്തെ എതിർത്തിരുന്നു
യുവതിപ്രവേശനത്തിന് അനൂകൂലമായി സ്വീകരിച്ച നയം വിഴുങ്ങിയാണ് സംസ്ഥാനം പുതിയ സത്യവാങ്മൂലം നല്കിയത്. യുവതിപ്രവേശനത്തിൽ മതപണ്ഡിതരുടെയും സാമൂഹികനേതാക്കളുടെ സമിതി രൂപീകരിച്ച് അഭിപ്രായം തേടണമെന്നാണ് സർക്കാർ നിർദ്ദേശിച്ചത്.യുവതിപ്രവേശനത്തെ എതിർത്താണ് ദേവസ്വം ബോർഡും വാദങ്ങൾ സമർപ്പിച്ചത്. ശബരിമലയിൽ യുവതിപ്രവേശനവിലക്ക് തുടരണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്ത്രി കണ്ഠരര് രാജീവരര് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ശബരിമലയിലെ യുവതിപ്രവേശനം പുറമെ, മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം, മതസ്വാതന്ത്ര്യത്തിനും സ്തീ അവകാശത്തിനും ഇടയിൽ ഉയരുന്ന വിഷയങ്ങൾ എന്നിവ ഒമ്പതംഗ ബഞ്ച് പരിശോധിക്കും.



