News

ശബരിമല സ്വർണക്കൊള്ളക്കേസ്; പി എസ് പ്രശാന്തിന് ജാമ്യമില്ല; ആരോഗ്യാവസ്ഥ പരിഗണിച്ച് എ. അജികുമാറിന് അനുവദിച്ചു

കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി. എന്നാൽ ബോർഡ് മുൻ അംഗം എ. അജികുമാറിന് ആരോഗ്യാവസ്ഥ പരിഗണിച്ച് ജാമ്യം അനുവദിച്ചു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് നടപടി.

അജികുമാറിന്റെ മെഡിക്കൽ രേഖകളടക്കം പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. ഡയാലിസിസ് ഉൾപ്പെടെ നടത്തുന്നുണ്ട്. അജികുമാർ ചികിത്സയിൽ തുടരുകയാണെന്നതും കോ‌ടതി പരിഗണിച്ചു. എന്നാൽ പ്രശാന്ത് ആരോഗ്യാവസ്ഥ ചൂണ്ടിക്കാട്ടിയിട്ടും കോടതി കണക്കിലെടുത്തില്ല. പ്രശാന്തിന്റെയും അജികുമാറിന്റെയും റിമാൻഡ് സെപ്തംബർ ഒന്നുവരെ നേരത്തെ നീട്ടിയിരുന്നു.ദ്വാരപാലക ശില്പത്തിലെ സ്വർണം അപഹരിച്ച കേസിലാണ് പ്രശാന്തിനെയും അജികുമാറിനെയും പ്രതി ചേർത്തത്.

2019ലെ സ്വർണാപഹരണം മറച്ചു വയ്ക്കാനാണ് 2025ൽ വീണ്ടും സ്വർണം പൂശാൻ കൊടുത്തുവിട്ടതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.എന്നാൽ കേസിലെ മറ്റ് പ്രതികളുമായി ഇരുവർക്കും ബന്ധമില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള പ്രതികളുമായി ഇരുവർക്കും ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ പ്രോസിക്യൂഷൻ തെളിവുകൾ ഹാജരാക്കിയിരുന്നു.

പോറ്റിയും അജികുമാറും ഒരേ ടവർ ലൊക്കേഷനിലുണ്ടായിരുന്നെന്ന പ്രോസിക്യൂഷൻ വാദത്തെയും പ്രതിഭാഗം എതിർത്തു. പ്രശാന്തിനും അജികുമാറിനും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന വാദത്തെ പ്രോസിക്യൂഷൻ എതിർത്തില്ല. എന്നാൽ ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ നേരത്തെ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button