ശബരിമല സ്വർണക്കൊള്ള; ഹെെക്കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ച് എസ്ഐടി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ സമഗ്ര അന്വേഷണ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഹെെക്കോടതിയിൽ സമർപ്പിച്ചു. എസ്ഐടി തലവൻ എസ്പി എസ് ശശിധരൻ ഹെെക്കോടതിയിൽ നേരിട്ട് ഹാജരായി. അടച്ചിട്ട കോടതിമുറിയിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.2019ലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണവും നടപടിക്രമങ്ങളും എസ്ഐടി ഇതോടെ പൂർത്തിയാക്കുകയാണ്. റിപ്പോർട്ടിൽ 2025ൽ സ്വർണപാളികൾ കൊണ്ടുപോയതിലെ ക്രമക്കേടും വീഴ്ചകളും വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. സ്വർണപ്പാളി കൊണ്ടുപോകാനുള്ള അനുമതി നൽകാനുള്ള ഫയൽ 2024ൽ രൂപപ്പെട്ടത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് അന്വേഷണ സംഘം വിലയിരുത്തിയിരുന്നു.
അതേസമയം, കഴിഞ്ഞദിവസം പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും എസ്ഐടി ചോദ്യം ചെയ്തിരുന്നു. രേഖകളും തെളിവുകളും ഒന്നുകൂടി പരിശോധിച്ച് ഉറപ്പാക്കാനും പ്രതിയിൽ നിന്ന് കൂടുതൽ വ്യക്തത വരുത്താനും വേണ്ടിയാണ് എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ എട്ട് മണിക്കൂർ ചോദ്യം ചെയ്തത്. വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ.സ്മാർട്ട് ക്രിയേഷൻസുമായി നടത്തിയ ഇടപാടുകളിൽ കൂടുതൽ വ്യക്തത തേടിയതായും സൂചനയുണ്ട്.
2019ൽ സ്വർണം പൂശിക്കൊണ്ടുവന്ന ശിൽപ്പങ്ങൾ ആറു വർഷത്തിനകം എങ്ങനെ നിറം മങ്ങിയെന്നതിനും വ്യക്തത തേടി. പി.എസ്.പ്രശാന്തിന്റെ കാലത്ത് സ്വർണപ്പാളികൾ കൊണ്ടുപോയതിനു പിന്നിൽ വീഴ്ചയും ക്രമക്കേടുമുണ്ടായെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മറ്റേതെങ്കിലും ഉദ്യോഗസ്ഥരുടെ സഹായം ലഭ്യമായിട്ടുണ്ടോ എന്നതും അന്വേഷിച്ചു.



