News

‘വന്ദേമാതരം’ ആലാപനത്തിൽ പോര് മുറുകുന്നു; കോൺഗ്രസ്–നാഷണൽ കോൺഫറൻസ് ഭിന്നത രൂക്ഷം

ശ്രീനഗർ: ജമ്മു കശ്മീരിൽ വന്ദേമാതരം ആലാപനത്തെ ചൊല്ലി ഇന്ത്യ മുന്നണിയിലെ പ്രധാന ഘടകകക്ഷികളായ കോൺഗ്രസും നാഷണൽ കോൺഫറൻസും തമ്മിൽ വാഗ്വാദം രൂക്ഷമാകുന്നു. ജമ്മു കശ്മീർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനിടെ ദേശീയ ഗീതമായ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് ഇരുപാർട്ടികളും തമ്മിലുള്ള പരസ്യമായ ഏറ്റുമുട്ടലിലേക്ക് വഴിതുറന്നത്.

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയായിരുന്നുവെന്നും സ്വാതന്ത്ര്യസമര സേനാനികളുടെ ഓർമ്മകളെ മാനിക്കണമായിരുന്നുവെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എക്‌സിലൂടെ വിമർശിച്ചിരുന്നു. എന്നാൽ കെ.സി. വേണുഗോപാലിന്റെ നിലപാടിനെതിരെ ശക്തമായ ഭാഷയിലാണ് നാഷണൽ കോൺഫറൻസ് പ്രതികരിച്ചത്. എത്ര വരികൾ ആലപിക്കണമെന്നും എവിടെ നിർത്തണമെന്നും തങ്ങളെ ആരും പഠിപ്പിക്കേണ്ടതില്ലെന്ന് എൻ.സി വക്താവ് ബഷീർ അഹമ്മദ് വ്യക്തമാക്കി.

ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണെന്ന് കരുതി സ്വന്തം നിലപാടുകൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാഷണൽ കോൺഫറൻസിന്റെ രൂക്ഷമായ മറുപടിയ്ക്ക് പിന്നാലെ കോൺഗ്രസും തിരിച്ചടിച്ചു. മുന്നണിയുടെ ഭാഗമായി നിൽക്കുമ്പോൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും ഇത് നാഗ്പൂരിൽ നിന്നുള്ള നിർദ്ദേശങ്ങളല്ലെന്നും കോൺഗ്രസ് നേതാവ് കപിൽ സിംഗ് തുറന്നടിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button