News

ശ്രീശാന്തിന് ആശ്വാസം; മൂന്ന് വർഷത്തെ വിലക്ക് പിൻവലിച്ചു

തിരുവനന്തപുരം: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസനെ ഉൾപ്പെടുത്താത്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ കെ.സി.എയ്ക്കെതിരെ നടത്തിയ പരാമർശങ്ങളാണ് വിലക്കിന് കാരണം. സംഘടനയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ദൃശ്യ-സാമൂഹികമാദ്ധ്യമങ്ങളിലൂടെ പരാമർങ്ങൾ നടത്തിയെന്ന് കെ.സി.എ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയുണ്ടായത്.

വിവാദപരാമർശങ്ങളെ തുടന്ന് അന്ന് ശ്രീശാന്തിനും ഫ്രാഞ്ചൈസി ടീമുകളായ കൊല്ലം ഏരീസ്, ആലപ്പി റിപ്പിൾസ് ടീം ലീഡ് കണ്ടെന്റെർ സായി കൃഷ്ണൻ എന്നിവർക്കെതിരെയും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസി ടീമായ കൊല്ലം ഏരീസ് സഹ ഉടമയാണ് ശ്രീശാന്ത്. വിലക്കിനെ തുടർന്ന് ശ്രീശാന്ത് മുൻസിഫ് കോടതിയിൽ ഹർജി നൽകിയെങ്കിലും അത് തള്ളുകയായിരുന്നു. പിന്നീട് ഖേദം പ്രകടിപ്പിച്ച് ശ്രീശാന്ത് രംഗത്തെത്തുകയായിരുന്നു

.ശ്രീശാന്ത് ഔദ്യോഗകമായി സമർപ്പിച്ച മാപ്പപേക്ഷ 2026 ജൂലായ് ഒന്നിന് ചേർന്ന കെസിഎ സ്‌പെഷ്യൽ ജനറൽ ബോഡി വിശദമായി ചർച്ച ചെയ്തു. ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ വിലക്ക് പിൻവലിക്കാൻ യോഗം തീരുമാനിക്കുകയായിരുന്നു. ഇനി ഇത്തരത്തമുള്ള നടപടികൾ ആവർത്തിച്ചാൽ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. വിലക്ക് പിൻവലിച്ചതോടെ ഫ്രാഞ്ചൈസി ടീമായ കൊല്ലം ഏരീസിന്റെ സഹഉടമയായി തുടരാൻ ശ്രീശാന്തിന് സാധിക്കും.

വിലക്കേർപ്പെടുത്തിയതിന് പിന്നാലെ ശ്രീശാന്ത് നടത്തിയ പ്രതികരണം കേരളാ ക്രിക്കറ്റ് അസോസിയേഷൻ എനിക്കെതിരെ മൂന്നു വർഷത്തെ വിലക്ക് ഏർപ്പെടുത്തി എന്നൊക്കെയാണ് പറയുന്നത്. എന്താണ് ഞാൻ ചെയ്ത തെറ്റ് എന്നറിയില്ല. ഗോഡ്സ ഓൺ കൺട്രിയുടെ സ്വന്തം സൺ സഞ്ജുവിനെ പിന്തുണച്ചു. അതല്ലാതെ അസോസിയേഷനെതിരെ ഒന്നും പറഞ്ഞിട്ടില്ല. അസോസിയേഷനിൽ ഉള്ളവർ ക്രിക്കറ്റ് കളിച്ചിട്ടുള്ളവരായിരുന്നെങ്കിൽ, അതായത് വലിയ ലെവലിൽ ക്രിക്കറ്റ് കളിച്ചിട്ടുള്ളവരായിരുന്നെങ്കിൽ കൂടുതൽ നന്നാകുമായിരുന്നു എന്നാണ് ഞാൻ പറഞ്ഞത്.ടിനുച്ചേട്ടനെപ്പോലെയുള്ളവർ (ടിനു യോഹന്നാൻ) കുറച്ചുകാലമായി ടീമിനൊപ്പമുണ്ട്.

ടിനുച്ചേട്ടനേപ്പോലുള്ളവർ അസോസിയേഷനിൽ വന്നാൽ കുറച്ചുകൂടി നന്നായിരിക്കും എന്നു മാത്രമാണ് പറഞ്ഞത്. അസോസിയേഷനിലുള്ളവർ എന്തുകൊണ്ടാണ് അത് വളച്ചൊടിച്ച് എന്നെ ലക്ഷ്യം വയ്ക്കുന്നതെന്ന് മനസ്സിലാകുന്നില്ല. എനിക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റോ സെക്രട്ടറിയോ ഒന്നും ആകാൻ ഒരു ആഗ്രഹവുമില്ല. അതോ വോട്ടിന്റെ പേരിലുള്ള പേടിയാണോ എന്നും അറിയില്ല. എന്താണെന്ന് എനിക്ക് അറിയില്ല. എന്തായാലും നന്ദിയുണ്ട്. നമ്മൾ എപ്പോഴും സഞ്ജുവിനെയും മലയാളികളായ ക്രിക്കറ്റർമാർ ലോകത്തിന്റെ ഏതു കോണിലുണ്ടെങ്കിലും പിന്തുണച്ചിരിക്കും. കേരളമെന്നു കേട്ടാൽ തിളയ്ക്കും ചോര ഞരമ്പുകളിൽ. ലവ് യു. ജയ് ഹിന്ദ്. – ശ്രീശാന്ത് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button