News

പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫാക്കാനുള്ള രമ്യ ഹരിദാസിന്റെ നീക്കം പാളി; നിയമസഭാ സെക്രട്ടറി കത്ത് മടക്കി

തിരുവനന്തപുരം : ചിറയിൻകീഴിലെ കൈയാങ്കളി വിവാദത്തിൽ കെ.പി.സി.സി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുത്താനുള്ള രമ്യ ഹരിദാസ് എം.എൽ.എയുടെ നീക്കം പാളി. മർദ്ദന വിവാദത്തിന് മുമ്പുള്ള തീയതി വച്ച് നൽകിയ കത്ത് ചട്ടവിരുദ്ധമായതിനാൽ സ്വീകരിക്കാൻ കഴിയില്ലെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു. കത്ത് മടക്കി നൽകുകയും ചെയ്തു. മേയ് 21 മുതൽ മുൻകാല പ്രാബല്യത്തോടെ പാളയം പ്രദീപിനെ സ്റ്റാഫായി നിയമിക്കണമെന്ന ആവശ്യമാണ് ഇതോടെ പൊളിഞ്ഞത്.

പാളയം പ്രദീപ് നിലവിലും തന്റെ ഔദ്യോഗിക സ്റ്റാഫാണെന്നാണ് എം.എൽ.എ വാദിച്ചിരുന്നത്. ഈ വാദം സാങ്കേതികമായി ശരിവയ്ക്കാൻ വേണ്ടിയാണ് മുൻകാല പ്രാബല്യത്തോടെ നിയമനം നൽകാൻ നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകിയത്. സെപ്തംബർ നാല് എന്ന തീയതി വച്ചാണ് കത്ത് ഇന്ന് കൈമാറിയത്. പാളയം പ്രദീപിനൊപ്പം കോഴിക്കോട് സ്വദേശി കുഞ്ഞഹമ്മദ് എന്നിവരെയും മുൻകാല പ്രാബല്യത്തോടെ സ്റ്റാഫിൽ ഉൾപ്പെടുത്തണം എന്നായിരുന്നു ആവശ്യം.

എന്നാൽ പഴയ തീയതി വച്ചുകൊണ്ടുള്ള നടപടികളിലേക്ക് കടക്കാൻ കഴിയില്ലെന്നാണ് നിയമസഭാ സെക്രട്ടേറിയറ്റ് അറിയിച്ചത്. പുതിയ തീയതിയിൽ തത്സമയ പ്രാബല്യമുള്ള അപേക്ഷ നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്.ഔദ്യോഗിക പദവികൾ ഒന്നുമില്ലാതെ ഉദ്യോഗസ്ഥർ അടക്കം പങ്കെടുത്ത അവലോകന യോഗത്തിൽ പാളയം പ്രദീപ് ഇടപെട്ട് സംസാരിച്ചതാണ് പുതിയ വിവാദങ്ങൾക്ക് വഴിവച്ചത്. ഇത് പ്രാദേശിക കോൺഗ്രസ് നേതാക്കൾ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രദീപിനെ ഔദ്യോഗികമായി സ്റ്റാഫാക്കാൻ എം.എൽ.എ നീക്കം നടത്തിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button