
താരസംഘടനയായ അമ്മയിലെ അഡ്‌ഹോക്ക് കമ്മിറ്റി കൺവീനർ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞ് രമേഷ് പിഷാരടി. പ്രസിഡന്റ് രാജിവെച്ച പശ്ചാത്തലത്തിലാണ് ചുമതല ഏറ്റെടുത്തത്. അമ്മയെ കോടതി കയറ്റാൻ താൽപര്യമില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു.’പുറത്തുവന്ന ഓഡിയോ ലീക്കല്ല, റിലീസാണ്. അത് വേദനിപ്പിച്ചു. പ്രശ്‌നങ്ങൾ പരിഹരിക്കാൻ വേണ്ടിയാണ് ശ്രമിച്ചത്. എല്ലാവരുമായും സംസാരിച്ചു’. ശ്വേതാമേനോൻ ഉന്നയിച്ച അഴിമതി ആരോപണം വെറും ആരോപണം മാത്രമാണെന്നും രമേഷ് പിഷാരടി പറഞ്ഞു.
നേരത്തെ, അമ്മയിലെ അഡ്ഹോക്ക് കമ്മിറ്റിക്ക് എറണാകുളം മുൻസിഫ് കോടതി വിലക്കേർപ്പെടുത്തിയിരുന്നു. ശ്വേതാ മേനോൻ സമർപ്പിച്ച ഹരജിയിലാണ് കോടതിനടപടി. ശ്വേത നേതൃത്വത്തിലുള്ള പഴയ കമ്മിറ്റിക്ക് പ്രവർത്തനം തുടരാമെന്നും കോടതി ഉത്തരവിടുകയുണ്ടായി. പിന്നാലെയാണ് പിഷാരടി സ്ഥാനമൊഴിഞ്ഞത്.
അതേസമയം, താരസംഘടനയിൽ തർക്കം രൂക്ഷമായതിന് പിന്നാലെ അമ്മയിലെ ഒരു വിഭാഗം നടിമാർ നാളെ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. രാവിലെ പത്തിന് കൊച്ചിയിലാണ് വാർത്തസമ്മേളനം. അൻസിബ, മാലാ പാർവതി, ഉഷ, ഹസീന തുടങ്ങിയവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കുക.




