News

രാജേഷ് കൃഷ്ണയെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

മധുര∙ സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽനിന്ന് മലയാളിയായ വിദേശപ്രതിനിധിയെ മടക്കി അയച്ചു. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനായി യുകെയിൽനിന്ന് എത്തിയ രാജേഷ് കൃഷ്ണയെയാണു മടക്കിയയച്ചത്. കേന്ദ്ര കമ്മറ്റിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് രാജേഷിനെ മടക്കി അയയ്ക്കാൻ സംഘടനാ ചുമതലയുള്ള എം.എ.ബേബി നിർദേശിച്ചതെന്നാണു വിവരം. രാജേഷിനെ സമ്മേളനത്തിൽ പങ്കെടുപ്പിക്കല്ലെന്ന് ഇ.പി.ജയരാജൻ നിലപാടെടുത്തെന്നും അത് എം.എ.ബേബി നടപ്പിലാക്കിയെന്നുമാണു വിവരം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി അടുത്ത ബന്ധമുള്ള ആളാണ് രാജേഷ് കൃഷ്ണ.

പി.വി.അൻവറുമായുള്ള രാജേഷിന്റെ അടുപ്പവും സാമ്പത്തിക പരാതികളും ഏറെ വിവാദമായിരുന്നു. സിനിമാ നിർമാതാവ് കൂടിയായ രാജേഷ് കൃഷ്ണ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം മധുരയിൽ പാർട്ടി കോൺഗ്രസ് വേദിയിൽ എത്തിയിരുന്നു. പത്തനംതിട്ട സ്വദേശിയായ രാജേഷ് കൃഷ്ണ ബ്രിട്ടനിലെ സിപിഎം സംഘടനയായ എഐസിയെ പ്രതിനിധീകരിച്ചാണു പാർട്ടി കോൺഗ്രസിൽ എത്തിയത്. പത്തനംതിട്ടയിലെ മുൻ എസ്എഫ്ഐ ഏരിയ സെക്രട്ടറിയായ രാജേഷ് ബ്രിട്ടനിൽ സ്ഥിര താമസക്കാരനാണ്.

സിനിമ സംവിധായികയെ സാമ്പത്തികമായി കബളിപ്പിച്ചു എന്നുകാട്ടി സംവിധായികയുടെ ഭർത്താവ് രാജേഷിനെതിരെ പാർട്ടിക്ക് പരാതി നൽകിയിരുന്നു. ഇത് ഉൾപ്പെടെ രാജേഷിനെതിരായ പരാതികൾ കേന്ദ്ര കമ്മിറ്റിക്ക് മുൻപിലെത്തിയിരുന്നു. പി.വി. അൻവറിനു വേണ്ടി ഓൺലൈൻ മാധ്യമപ്രവർത്തകനെ ലണ്ടനിൽവച്ച് രാജേഷ് മർദിച്ചതും ഏറെ ചർച്ചയായിരുന്നു. ചൊവ്വാഴ്ച നടന്ന കേന്ദ്രകമ്മിറ്റി യോഗത്തിലാണ് രാജേഷിനെ തിരിച്ചയയ്ക്കാൻ തീരുമാനമുണ്ടായത്. തുടർന്നാണ് പ്രതിനിധി സമ്മേളനത്തിൽനിന്ന് ഇയാളെ ഒഴിവാക്കാൻ തീരുമാനിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button