പിഎസ്സി പരീക്ഷാക്രമക്കേട്; കേസെടുത്ത് ക്രൈംബ്രാഞ്ച്, എഫ്ഐആറിൽ ആരുടെയും പേരില്ല

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പരീക്ഷാക്രമക്കേടിൽ പിഎസ്സി ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസെടുത്ത് ക്രൈംബ്രാഞ്ച്. എന്നാൽ എഫ്ഐആറിൽ ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ല. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ‘ഒഫിഷ്യൽസ് ഒഫ് പിഎസ്സി’ എന്നുമാത്രമാണ് പരാമർശിച്ചിരിക്കുന്നത്. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
ഐ.ജി അജീതാബീഗത്തിന്റെ നേതൃത്വത്തിൽ എസ്.ഐ.ടി ഇന്നലെ യോഗം ചേർന്ന് കേസെടുക്കുന്നതിനുള്ള ശുപാർശ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കടേശിന് കൈമാറിയിരുന്നു. പിഎസ്സിയിലെ പരീക്ഷാ വിഭാഗത്തിലെയടക്കം ഉന്നതർ പ്രതികളിൽ ഉൾപ്പെടുന്നുണ്ടെന്നാണ് സൂചന.പ്ലാനിംഗ് ബോർഡിലെ മൂന്ന് വിഭാഗങ്ങളുടെ നിയമനത്തിൽ വൻ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയത്. മുഴുവൻ ഉത്തരങ്ങളും മൂല്യനിർണയം നടത്താതെയാണ് ഉയർന്ന തസ്തികയ്ക്ക് പിഎസ്സി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്.
ഉത്തരക്കടലാസ് പുനർമൂല്യനിർണയം നടത്തി റാങ്ക്പട്ടിക പരിഷ്കരിക്കുന്നതിൽ നടപടി എടുത്തിട്ടില്ലെന്നതിന്റെ തെളിവുകൾ എസ്.ഐ.ടിക്ക് ലഭിച്ചിരുന്നു. നിയമനം ലഭിച്ചവർക്ക് ഇടത് നേതാക്കളുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിരുന്നു. പിന്നാക്ക വികസന കോർപ്പറേഷൻ പ്രോജക്ട് അസിസ്റ്റന്റ് നിയമനത്തിലെ ക്രമക്കേടുകളിൽ അടുത്ത കേസെടുക്കുമെന്നും സൂചനയുണ്ട്.




