
കുറ്റ്യാടി മണ്ഡലം നവകേരള സദസ്സില്‍ ഉയര്‍ന്നുവന്ന രണ്ട് പ്രധാന പദ്ധതികള്‍ക്കായി ഏഴ് കോടി രൂപയുടെ അനുമതി ലഭിച്ചതായി കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ അറിയിച്ചു. നവകേരള സദസ്സിന്റെ ഭാഗമായി ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റ്യാടി പുഴയോര സംരക്ഷണ പ്രവര്‍ത്തിക്കായി അറ് കോടി രൂപയുടെ അനുമതിയും അമ്പലക്കുളങ്ങര കുന്നുമ്മല്‍ പള്ളി അരൂര്‍ റോഡിന് ഒരു കോടി രൂപയുടെ അനുമതിയുമാണ് ലഭിച്ചത്.
കുറ്റ്യാടി പുഴയോര സംരക്ഷണ പദ്ധതി മേജര്‍ ഇറിഗേഷന്‍ വകുപ്പ് വഴിയും അമ്പലക്കുളങ്ങര കുന്നുമ്മല്‍ പള്ളി അരൂര്‍ റോഡ് കുറ്റ്യാടി ഇറിഗേഷന്‍ വകുപ്പ് വഴിയുമാണ് നിര്‍വഹണം നടത്തുക.നിയോജകമണ്ഡലത്തില്‍ രണ്ടു പദ്ധതികള്‍ വീതം നടപ്പിലാക്കാവുന്നതാണെന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ രൂപീകരിച്ച സമിതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതികള്‍ക്ക് അനുമതി ലഭിച്ചത്. ജില്ലാ കളക്ടര്‍ ലഭ്യമാക്കിയ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് പദ്ധതികള്‍ക്ക് അനുമതി ലഭിച്ചത്.
കുറ്റ്യാടി പുഴയോരം ഇടിയുന്നത് സംബന്ധിച്ച് നിരവധി പരാതികളാണ് കുറ്റ്യാടി നിയോജകമണ്ഡലത്തിലെ കുറ്റ്യാടി, വേളം, തിരുവള്ളൂര്‍, മണിയൂര്‍ പഞ്ചായത്തുകളില്‍ നിന്നും ലഭിച്ചത്. കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ കാവും കടവത്ത്, മൊളോര്‍ മണ്ണില്‍, മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ കാരായത്തൊടി രാമത്ത് താഴെ, തെക്കേ കാരായത്തൊടി, കണാരന്‍ കണ്ടി ഭാഗം, അട്ടക്കുണ്ട് ബ്രിഡ്ജ് – വാണിവയല്‍ക്കുനി, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ പെരിഞ്ചേരി കടവ്, വേളം ഗ്രാമപഞ്ചായത്തിലെ തെക്കേടത്ത് കടവ് അരമ്പോള്‍ സ്‌കൂള്‍ ഭാഗം, മീന്‍ പാലം അംഗന്‍വാടിക്ക് സമീപം, ചാലില്‍ പിലാവില്‍ ഭാഗം, തെയ്യത്താം മണ്ണില്‍ ഭാഗം, എം എം മണ്ണില്‍ നമ്പൂടി മണ്ണില്‍ ഭാഗം എന്നീ സ്ഥലങ്ങളിലായാണ് ആറ് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുള്ളത്.
കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിലെ മൊകേരിയിലെയും അമ്പലക്കുളങ്ങരയിലെയും മധുകുന്നിലെയും പ്രദേശവാസികളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു അമ്പലക്കുളങ്ങര കുന്നുമ്മല്‍ പള്ളി അരൂര്‍ റോഡ്. സര്‍ക്കാര്‍ ഒരുകോടി രൂപ അനുവദിക്കുന്നതോടെ ദീര്‍ഘകാലത്തെ ആവശ്യത്തിനാണ് പരിഹാരമാകുന്നത്.