പ്രിയദർശിനി പദ്ധതി ആരംഭം: വരുമാന തകർച്ച ആരോപിച്ച് സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ

തൃശൂർ: സ്ത്രീകൾക്ക് കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനത്തിന് പിന്നാലെ സ്വകാര്യ ബസ് മേഖലയിൽ കടുത്ത ആശങ്ക. പദ്ധതിയുടെ സ്വാധീനം ആദ്യ ദിനം തന്നെ അനുഭവപ്പെട്ടതായി ആരോപിച്ച് തൃശൂരിൽ സ്വകാര്യ ബസ് ഉടമകൾ അടിയന്തര അവലോകന യോഗം വിളിച്ചു ചേർത്തു.
ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ യോഗം ഇന്ന് നടക്കും. പ്രിയദർശിനി പദ്ധതിയുടെ തുടക്കദിനത്തിൽ തന്നെ വരുമാനം ഗണ്യമായി കുറഞ്ഞതായാണ് ബസ് ഉടമകളുടെ ആരോപണം. ഇന്ധനച്ചെലവിനുള്ള കളക്ഷൻ പോലും ലഭിച്ചില്ലെന്നും തൊഴിലാളികളുടെ വേതനം നൽകാൻ കഴിയാത്ത സാഹചര്യമുണ്ടായെന്നും അവർ പറയുന്നു.
സ്ഥിതി വിലയിരുത്തിയ ശേഷം സർവീസ് നിർത്തി സമരം ചെയ്യുന്നതും പരിഗണനയിലുണ്ടെന്ന് സ്വകാര്യ ബസ് ഉടമകൾ വ്യക്തമാക്കി. വെള്ളിയാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യങ്ങൾ സമർപ്പിക്കുമെന്നും, പരിഹാരമില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്നും ബസ് ഉടമകൾ മുന്നറിയിപ്പ് നൽകി.
ഇതിനിടെ, സംസ്ഥാനത്ത് 3125 ഓർഡിനറി കെഎസ്ആർടിസി സർവീസുകളാണ് പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയത്. നഷ്ടം നികത്താൻ പ്രതിമാസം 60 കോടി രൂപ സർക്കാർ കെഎസ്ആർടിസിക്ക് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
പദ്ധതിയുടെ ഉദ്ഘാടനത്തിൽ പ്രതിപക്ഷം വിട്ടുനിന്നത് രാഷ്ട്രീയ വിവാദത്തിനും വഴിവച്ചു. സർക്കാർ പദ്ധതി വിജയകരമെന്ന് അവകാശപ്പെടുമ്പോഴും, സ്വകാര്യ ബസ് മേഖലയിലെ പ്രതികരണം പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.




