സംസ്ഥാന ഭാരവാഹി പട്ടിക പുറത്തുവന്നതോടെ ബിജെപിയിൽ പൊട്ടിത്തെറി; മീഡിയ പാനലിസ്റ്റ് ഗ്രൂപ്പിൽ നിന്നും ലെഫ്റ്റടിച്ച് പി ആർ ശിവശങ്കർ

0

ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പുറത്തുവന്നതോടെ ബിജെപിയിൽ ഭിന്നത.. മീഡിയ പാനലിസ്റ്റ് ഗ്രൂപ്പിൽ നിന്നും പി ആർ ശിവശങ്കർ ഒഴിവായി
മുൻ സംസ്ഥാന വക്താവും നിലവിൽ സംസ്ഥാന സമിതി അംഗവുമാണ്. വി മുരളീധരന്റെയും കെ സുരേന്ദ്രന്റെയും പക്ഷത്തെ വെട്ടിയൊതുക്കി
ബിജെപി പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. 10 വൈസ് പ്രസിഡണ്ടുമാരും, നാല് ജനറൽ സെക്രട്ടറിയും, 10 സെക്രട്ടറിമാരുടെയും പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. എം ടി രമേശ്, ശോഭാ സുരേന്ദ്രൻ, അഡ്വ. എസ് സുരേഷ്, അനൂപ് ആന്റണി ജോസഫ് എന്നിവരാണ് ജനറൽ സെക്രട്ടറിമാർ.. പ്രധാന ഭാരവാഹികളെല്ലാം കടുത്ത സുരേന്ദ്ര പക്ഷ വിരുദ്ധർ ആണ്.

ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റതു മുതൽ കെ സുരേന്ദ്രൻ പക്ഷത്തെയും വി മുരളീധരൻ പക്ഷത്തെയും തഴയുന്ന നിലപാടായിരുന്നു സ്വീകരിച്ചത്. കെ സുരേന്ദ്രനെയും വി മുരളീധരനെയും ബിജെപിയുടെ നേതൃ യോഗത്തിൽ നിന്ന് ഒഴിവാക്കിയതും കോർ കമ്മിറ്റിയിൽ രാജീവ് ചന്ദ്രശേഖരന്റെ പ്രവർത്തനത്തെ, ഇരുവരും വിമർശിച്ചതും ഏറെ വിവാദമായിരുന്നു. അതിനു തുടർച്ചയായാണ്, സംസ്ഥാന ഭാരവാഹികളുടെ പുതിയ പട്ടികയിൽ, ഇരുപക്ഷത്തൊടുമുള്ള വിയോജിപ്പ് പ്രകടമാക്കിയത്. 20% പുതുമുഖങ്ങളെയാണ് ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയത്.

അടുത്തകാലത്ത് പാർട്ടിയിലെത്തിയ ഷോൺ ജോർജും, ആർ ശ്രീലേഖയും വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടു. നേരത്തെ ജനറൽ സെക്രട്ടറിമാരായിരുന്ന സുരേന്ദ്രൻ പക്ഷക്കാരായ സി കൃഷ്ണകുമാർ , പി സുധീർ എന്നിവരെ വൈസ് പ്രസിഡണ്ട് സ്ഥാനം നൽകി ഒതുക്കി. മുരളീധര പക്ഷത്ത് നിന്നുള്ള വി.വി രാജേഷിനെ സെക്രട്ടറി പദത്തിൽ താഴ്ത്തി. അനൂപ് ആന്റണിയും എസ് സുരേഷും ജനറൽ സെക്രട്ടറി പദവിയിലെത്തി. ശോഭാ സുരേന്ദ്രൻ വീണ്ടും ജനറൽ സെക്രട്ടറി പദത്തിൽ തിരിച്ചെത്തുന്നതും എംടി രമേശിനെ നിലനിർത്തുന്നതും വി.മുരളീധര പക്ഷത്തിന് രാജീവ്‌ ചന്ദ്രശേഖർ നൽകിയ തിരിച്ചടിയാണ്.

മൂന്ന് ജനറൽ സെക്രട്ടറിമാരും കൃഷ്ണദാസ് പക്ഷത്ത് നിന്നാണെന്നതും ശ്രദ്ധേയമാണ്. സെക്രട്ടറി പദവിയിലും കൃഷ്ണദാസ് പക്ഷത്തിനാണ് മുൻതൂക്കം. സോഷ്യൽ മീഡിയ,മീഡിയ കൺവീനർമാർമാരും രാജീവ് ചന്ദ്രശേഖരന്റെ വിശ്വസ്ഥരാണ്. ഇ കൃഷ്ണകുമാറാണ് സംസ്ഥാന ട്രഷറർ. സംസ്ഥാന ഭാരവാഹി പട്ടിക പുറത്തുവന്നതോടെ ബിജെപിയിലെ വിവിധ പക്ഷ പോരിനും കൂടിയാണ് തുടക്കം കുറിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here